Enter your Email Address to subscribe to our newsletters

Newdelhi , 20 നവംബര്‍ (H.S.)
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത നീതിപീഠത്തിനും ചീഫ് ജസ്റ്റിസിനുമെതിരെ കെപിസിസിയുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ വന്ന വിവാദ പോസ്റ്റിൽ സുപ്രീം കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് കോൺഗ്രസ് നേതൃത്വം. കോടതിയലക്ഷ്യ നടപടികൾ ഒഴിവാക്കണമെന്നും മാപ്പ് അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് സുപ്രീം കോടതിയിൽ ഔദ്യോഗികമായി സത്യവാങ്മൂലം സമർപ്പിച്ചത്. ജുഡീഷ്യറിയെയും ജഡ്ജിമാരെയും ലക്ഷ്യമിട്ടുള്ള ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പാര്‍ട്ടി തലത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിവാദത്തിന് അടിസ്ഥാനമായ സാമൂഹ്യ മാധ്യമ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പാർട്ടി അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തതായി കെപിസിസി കോടതിയെ അറിയിച്ചു. ഈ വീഴ്ചയ്ക്ക് കാരണക്കാരനായ വ്യക്തിയെ ചുമതലകളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഭാവിയിൽ ഇത്തരം വിവാദങ്ങൾ ആവർത്തിക്കാതിരിക്കാൻ കെപിസിസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇനി മുതൽ ഔദ്യോഗിക പേജുകളിൽ ഏത് പോസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുൻപും രണ്ട് തലത്തിലുള്ള അനുമതി നിർബന്ധമാക്കിയിരിക്കുന്നു. കൂടാതെ, അഡ്മിൻമാരുടെ എണ്ണം വളരെ കുറവായി ചുരുക്കുകയും മുഴുവൻ പ്രവർത്തനങ്ങളും കർശനമായ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ടെന്നും നേതൃത്വം കോടതിയെ ബോധിപ്പിച്ചു.
അതേസമയം, ജുഡീഷ്യറിക്കെതിരായ രാഷ്ട്രീയ പരാമർശങ്ങളും അനാവശ്യ സമ്മർടങ്ങളും തടയുന്നതിനായി രാഷ്ട്രീയ പാർട്ടികൾക്ക് പ്രത്യേക പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്ന ആവശ്യവുമായി അഭിഭാഷകനായ ഉത്കർഷ് ജയ്സ്വാൾ സുപ്രീം കോടതിയിൽ പുതിയൊരു ഹർജി കൂടി സമർപ്പിച്ചിട്ടുണ്ട്. ഈ ഹർജിയിൽ രാഹുൽ ഗാന്ധി, കെപിസിസി, മഹാരാഷ്ട്ര കോൺഗ്രസ് കമ്മിറ്റി, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, തിരഞ്ഞെടുപ്പ് കമ്മീഷൻ, കേന്ദ്ര സർക്കാർ എന്നിവരെ എതിർകക്ഷികളാക്കിയിട്ടുണ്ട്. കോടതി വിധികളെയും ഉത്തരവുകളെയും വിമർശിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെങ്കിലും, വ്യക്തിഗതമായ അധിക്ഷേപങ്ങളിലേക്കും ജഡ്ജിമാരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നതിലേക്കും അത് വഴിമാറുന്നത് അംഗീകരിക്കാനാവില്ലെന്ന കടുത്ത നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചുപോരുന്നത്.
കെപിസിസിയുടെ സത്യവാങ്മൂലം കോടതി പരിശോധിച്ചുവരികയാണ്. സമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗവും രാഷ്ട്രീയ പ്രതികരണങ്ങളും സംബന്ധിച്ച് സുപ്രീം കോടതിയുടെ ഭാഗത്തുനിന്നും വരാനിരിക്കുന്ന നിരീക്ഷണങ്ങളും വിധികളും ഇന്ത്യൻ രാഷ്ട്രീയ രംഗത്തും മാധ്യമ ലോകത്തും അതീവ നിർണ്ണായകമാകും. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രതിച്ഛായ സംരക്ഷിക്കുന്നതിനൊപ്പം ജുഡീഷ്യറിയുടെ വിശ്വാസ്യതയെ മാനിക്കുന്ന തരത്തിലുള്ള തിരുത്തൽ നടപടികളാണ് കോൺഗ്രസ് നേതൃത്വം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
---------------
Hindusthan Samachar / Roshith K