Enter your Email Address to subscribe to our newsletters

Pathanamthitta, 24 നവംബര് (H.S.)
ശബരിമല തീർത്ഥാടകർക്ക് നിലവിലുള്ള വെർച്ച്വൽ ക്യൂ സംവിധാനത്തിന് പുറമേ കൂടുതൽ സ്ഥലങ്ങളിൽ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം കൂടി ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് ആരംഭിക്കുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് മന്ത്രി കത്ത് നൽകി. ആഭ്യന്തര വകുപ്പുമായി കൂടിയാലോചിച്ച് ഹൈക്കോടതിയുടെ അനുമതിയോടെ സ്പോട്ട് രജിസ്ട്രേഷൻ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
വെർച്ച്വൽ ക്യൂ സംവിധാനത്തിൽ പ്രതിദിനം നിശ്ചിത എണ്ണം തീർത്ഥാടകർക്ക് മാത്രമാണ് രജിസ്ട്രേഷന് അനുമതിയുള്ളത്. എന്നാൽ രജിസ്റ്റർ ചെയ്യുന്നവരിൽ ഒരു വിഭാഗം പല കാരണങ്ങളാൽ ശബരിമലയിൽ എത്തുന്നില്ല. വെർച്ച്വൽ ക്യൂവിൽ ബുക്ക് ചെയ്തിട്ടുള്ള തീർത്ഥാടകരുടെ എണ്ണവും യഥാർത്ഥത്തിൽ ദർശനത്തിനെത്തുന്നവരുടെ എണ്ണവും തമ്മിൽ ഗണ്യമായ വ്യത്യാസമുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വെർച്ച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെന്ന പരാതിയുമായി നിരവധി അയ്യപ്പഭക്തർ രംഗത്തെത്തുന്നുണ്ട്.
ശബരിമല ദർശനത്തിനായി വ്രതമെടുത്ത് യാത്രയ്ക്ക് തയ്യാറെടുക്കുന്ന ഭക്തർക്ക് വെർച്ച്വൽ ക്യൂവിന്റെ നിശ്ചിത പരിധി അവസാനിച്ചെന്ന സാങ്കേതിക കാരണത്താൽ ദർശം നഷ്ടപ്പെടുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള വെർച്ച്വൽ ക്യൂ സംവിധാനത്തെ ബാധിക്കാത്ത വിധത്തിൽ പരിമിതമായ എണ്ണം സ്പോട്ട് രജിസ്ട്രേഷൻ കൂടി അനുവദിക്കണമെന്നാണ് മന്ത്രിയുടെ നിർദേശം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR