തിരുപ്പരന്കുണ്ഡ്രത്ത് ദീപത്തൂണില് ദീപം തെളിയിച്ചില്ല;തമിഴ്നാട്ടില് വ്യാപക പ്രതിഷേധം
Chennai, 24 നവംബര്‍ (H.S.) മധുരയിലെ തിരുപ്പരന്‍കുണ്ഡ്രം കുന്നിന്‍ മുകളിലെ ശിലാസ്തംഭത്തില്‍ ഇത്തവണയും കാര്‍ത്തിക ദീപം തെളിയിച്ചില്ല. പകരം, കുന്നിലെ ഉച്ചി പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമുള്ള പതിവ് ''ദീപ മണ്ഡപത്തില്‍'' തന്നെയാണ് ഇന്നു വൈകിട്ട് ദീപം
thiru


Chennai, 24 നവംബര്‍ (H.S.)

മധുരയിലെ തിരുപ്പരന്‍കുണ്ഡ്രം കുന്നിന്‍ മുകളിലെ ശിലാസ്തംഭത്തില്‍ ഇത്തവണയും കാര്‍ത്തിക ദീപം തെളിയിച്ചില്ല. പകരം, കുന്നിലെ ഉച്ചി പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമുള്ള പതിവ് 'ദീപ മണ്ഡപത്തില്‍' തന്നെയാണ് ഇന്നു വൈകിട്ട് ദീപം തെളിയിച്ചത്. കുന്നിന്‍ മുകളിലെ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്ക് സമീപമുള്ള പുരാതന ശിലാസ്തംഭത്തില്‍ ഒരു തവണ ദീപം തെളിയിക്കാന്‍ നവംബര്‍ 20-ന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ഇത് നടപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചും തമിഴ്നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കനത്ത പൊലീസ് സുരക്ഷയും നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയ ഭരണകൂടം ദീപത്തൂണില്‍ വിളക്ക് തെളിയിക്കാന്‍ അനുവദിച്ചില്ല.

ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് മധുരയിലേക്ക് പോകാന്‍ ശ്രമിച്ച ബി.ജെ.പി നേതാക്കളെയും ഹിന്ദു സംഘടനാ പ്രവര്‍ത്തകരെയും തമിഴ്നാട് പൊലീസ് സംസ്ഥാനവ്യാപകമായി തടയുകയും കരുതല്‍ തടങ്കലിലാക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ സംഘര്‍ഷം ഉടലെടുത്തു. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം തിരുപ്പരന്‍കുണ്ഡ്രത്തേക്ക് തിരിച്ച തമിഴ്നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനെ തിരുനെല്‍വേലിയിലെ തച്ചനല്ലൂരിന് സമീപം പൊലീസ് തടഞ്ഞ് അറസ്റ്റ് ചെയ്തു. നേരത്തെ ഇദ്ദേഹത്തെ വീട്ടുതടങ്കലിലാക്കാന്‍ വസതിക്ക് മുന്നില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

പടിഞ്ഞാറന്‍ തമിഴ്നാട്ടില്‍, കാര്‍ത്തിക ദീപം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മധുരയിലേക്ക് പുറപ്പെട്ട മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ എല്‍. മുരുകനെ കോയമ്പത്തൂരിന് സമീപം അന്നൂരില്‍ വെച്ച് പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു. മധുരയില്‍ മാത്രമാണ് നിരോധനാജ്ഞയുള്ളതെന്നും കോയമ്പത്തൂരില്‍ വെച്ച് നേതാക്കളെ തടയുന്നത് 'അരാജകത്വം' ആണെന്നും മുരുകന്‍ രൂക്ഷമായി വിമര്‍ശിച്ചു.

മുന്‍ ഗവര്‍ണറും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഡോ. തമിഴിസൈ സൗന്ദരരാജന്‍, ഹിന്ദു മുന്നണി നേതാവ് കാടേശ്വര സുബ്രഹ്‌മണ്യം, ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത് എന്നിവരെയും പൊലീസ് തടഞ്ഞ് കരുതല്‍ തടങ്കലിലാക്കി. തലേദിവസം എതിര്‍ വിഭാഗത്തിന്റെ പ്രതിഷേധങ്ങള്‍ക്ക് അനുമതി നല്‍കിയ ഭരണകൂടം ഹിന്ദു നേതാക്കളുടെ സമാധാനപരമായ നീക്കങ്ങളെ വീട്ടുതടങ്കലിലൂടെ അടിച്ചമര്‍ത്തുകയാണെന്ന് തമിഴിസൈ ആരോപിച്ചു.

അതേസമയം, കാര്‍ത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് മധുരയില്‍ ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്.എസ്) സെക്ഷന്‍ 163 പ്രകാരം ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പുനഃപരിശോധിക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം മതാചാരം അനുഷ്ഠിക്കാനുള്ള ഭക്തരുടെ അവകാശത്തിന് ഈ നിയന്ത്രണങ്ങള്‍ തടസ്സമാകുമെന്ന് ജസ്റ്റിസുമാരായ ജി.ആര്‍. സ്വാമിനാഥന്‍, എം.ഡി. സുമതി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

നവംബര്‍ 23 രാത്രി ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച നിരോധനാജ്ഞാ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. മലയടിവാരത്ത് ഒത്തുചേരാനും ദീപം തെളിക്കുന്നത് കാണാനും ഭക്തര്‍ക്ക് അനുമതി നല്‍കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. നിരോധനാജ്ഞ സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നും കോടതിയലക്ഷ്യമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ നടപടി നേരിടാന്‍ കലക്ടര്‍ നിഷാന്ത് കൃഷ്ണ ധൈര്യപ്പെടുന്നുണ്ടെങ്കില്‍ അങ്ങനെ തന്നെയാകട്ടെ എന്ന് ബെഞ്ച് വാക്കാല്‍ പ്രതികരിച്ചു. ജില്ലാ കലക്ടറും ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എ.ജി. ഇനികോ ദിവ്യനും കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.

ബുധനാഴ്ച രാവിലെ 10 മണി വരെയാണ് മധുരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. യോഗങ്ങള്‍, പ്രകടനങ്ങള്‍, തിരുപ്പരന്‍കുണ്ഡ്രം കുന്നുകയറല്‍ എന്നിവയ്ക്ക് കര്‍ശന വിലക്കുണ്ട്. 2025 ഡിസംബര്‍ 1-ന് ഹൈക്കോടതി സിംഗിള്‍ ജഡ്ജി ശിലാസ്തംഭത്തില്‍ വിളക്ക് തെളിയിക്കാന്‍ അനുമതി നല്‍കിയത് മുതല്‍ തമിഴ്നാട് സര്‍ക്കാരും ക്ഷേത്ര മാനേജ്മെന്റും ഹസ്രത്ത് സുല്‍ത്താന്‍ സിക്കന്ദര്‍ ബദുഷ അവുലിയ ദര്‍ഗയും ഇതിനെതിരെ നിയമപോരാട്ടത്തിലായിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴും ക്ഷേത്രഭരണസമിതിയുടെ പതിവ് ചടങ്ങുകള്‍ക്കും ദര്‍ഗയിലേക്കുള്ള പ്രവേശനത്തിനും പൊലീസ് നിയന്ത്രണങ്ങളോടെ ഇളവ് നല്‍കിയിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News