Enter your Email Address to subscribe to our newsletters

Palakkad , 27 നവംബര് (H.S.)
പാലക്കാട് അട്ടപ്പാടി-മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പിൽ അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അന്വേഷണം വിജിലൻസിന് കൈമാറുമെന്ന് മന്ത്രി കെ എ തുളസി പറഞ്ഞു. ജില്ലയിലെ മണ്ണാർക്കാട്, അട്ടപ്പാടി മേഖലകളിൽ പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമപദ്ധതികൾക്കായി അനുവദിച്ച ഫണ്ടിൽ 7.86 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
പട്ടികജാതി വികസന ഓഫീസർമാരായ പി എം സജിനി,കെ ഗിരിജ,മുനീർ റഹ്മാൻ,നവീൻ ചന്ദ്ര, സീനിയർ ക്ലർക്ക് സ്മിജോ വർഗ്ഗീസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
വകുപ്പ് തല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി കെ എ തുളസി അറിയിച്ചു.
സംഭവത്തിൽ കൂടുതൽ അന്വേഷണം ഉറപ്പാക്കുന്നതിനായി കേസ് ആഭ്യന്തര വകുപ്പിന് കൈമാറി വിജിലൻസ് അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
പത്ത് വർഷത്തോളമായി വിവിധ ക്ഷേമപദ്ധതികളിലൂടെ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ടിയിരുന്ന 7.86 കോടി തട്ടിയെടുത്തതായാണ് വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയത്.
യഥാർത്ഥ ഗുണഭോക്താക്കളുടെ പേരുകൾ ബാങ്ക് രേഖകളിൽ നിലനിർത്തിയ ശേഷം അക്കൗണ്ട് നമ്പറുകളും ക്യു ആർ കോഡുകളും തിരുത്തി പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഷോളയൂർ പഞ്ചായത്തിലെ മുൻ എസ് സി പ്രൊമോട്ടർമാർ ഉൾപ്പെടെയുള്ളവരുടെ പങ്കും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ക്രമക്കേടിന് പിന്നിലുള്ള മുഴുവൻ ആളുകളെയും സാമ്പത്തിക നേട്ടമുണ്ടാക്കിയവരെയും കണ്ടെത്തുന്നതിനാണ് വിജിലൻസ് അന്വേഷണം.
ക്രമക്കേട് സംബന്ധിച്ച് നേരത്തെ റിപ്പോർട്ട് ലഭിച്ചിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കാതിരുന്ന മേലുദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കും.
പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനായി അനുവദിക്കുന്ന സർക്കാർ ഫണ്ട് അർഹരായ ഗുണഭോക്താക്കളിലേക്ക് തന്നെ എത്തുന്നുവെന്ന് ഉറപ്പാക്കും.
പൊതുപണം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ എ തുളസി വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR