Enter your Email Address to subscribe to our newsletters

Idukki, 27 നവംബര്‍ (H.S.)
വനംവകുപ്പിന്റെ ചക്കക്കൊമ്പന്‍ ദൗത്യം മൂന്നാം ദിനത്തിലും ആദ്യ ഡോസ് മയക്കുവെടി ആനയ്ക്ക് നല്‍കി. 301 ഏക്കറിലെ അംഗനവാടിക്ക് സമീപം കഴിഞ്ഞദിവസം മയക്കുവെടിവച്ചതിനു സമീപത്തുവെച്ചാണ് ഇന്നും മയക്കുവെടിവെച്ചത്. ദൗത്യ സംഘം ആനയെ നിരീക്ഷിക്കുകയാണ്. കൃത്യമായ നിരീക്ഷണത്തിന് ശേഷമാകും തുടര്‍ നടപടികള്‍.
ആന മയങ്ങിയാല്‍ അടുത്ത ഡോസ് നല്‍കുന്നതിനും തുടര്‍ന്ന് കോളര്‍ ധരിപ്പിക്കുന്നതിനുമുള്ള എല്ലാ സംവിധാനങ്ങളും സജ്ജമായിട്ടുണ്ട്.
കഴിഞ്ഞദിവസങ്ങളില്‍ മയക്കുവെടി വെച്ചിരുന്നെങ്കിലും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇന്നും ചക്കക്കൊമ്പന്‍ ദൗത്യം ആരംഭിച്ചത്.
ദൗത്യത്തിന്റെ മൂന്നാംദിവസം രാവിലെ നടുത്തുരുത്തി തുരുത്ത് ഭാഗത്താണ് ആനയെ കണ്ടെത്തിയത്. ഇവിടെനിന്ന് പന്നിയാര്‍ എസ്റ്റേറ്റ് ഭാഗത്തേക്ക്ക് ആന നീങ്ങാതിരിക്കാനുള്ള നടപടിയാണ് ദൗത്യസംഘം ആദ്യം സ്വീകരിച്ചത്. ഇതിനായി ബോട്ടില്‍ സംഘത്തെ വിന്യസിച്ചിരുന്നു. എല്ലാ സജ്ജീകരണങ്ങളുമായാണ് സംഘം നിലയുറപ്പിച്ചത്. ആന പന്നിയാര്‍ ഭാഗത്തേക്കോ ആദ്യദിവസം സഞ്ചരിച്ച 301 കോളനി ഭാഗത്തേക്കോ നീങ്ങാനാണ് സാധ്യതയെന്നാണ് സംഘം കണക്കുകൂട്ടിയത്.
ആനയെ വെടിവെക്കുന്നതിന് അനുയോജ്യമായ സ്ഥലത്തേക്ക് എത്തിക്കുന്നതിനുള്ള ശ്രമം ദൗത്യസംഘം തുടര്‍ന്നു. തുടര്‍ന്ന് ആനയിറങ്കല്‍ ജലാശയത്തില്‍ ബോട്ടിലുള്ള സംഘത്തിന് ആര്‍ആര്‍ടി നിരീക്ഷണ സംഘം നിര്‍ദേശങ്ങള്‍ നല്‍കി. ഇതിനിടെ എണ്‍പതേക്കറില്‍നിന്ന് തുരുത്തിലേക്ക് പോകുന്ന വഴി തുറസായ പ്രദേശത്തേക്ക് ആന നീങ്ങി. പിന്നാലെ ആന ഡാമിലെ വെള്ളത്തിലേക്ക് ഇറങ്ങി നീന്താന്‍ തുടങ്ങി. ഈ ഘട്ടത്തില്‍ കരയിലേക്ക് കയറിയാല്‍ മയക്കുവെടിവെക്കാനാകുമെന്നാണ് വനംവകുപ്പ് അറിയിച്ചത്. എന്നാല്‍, ലാസയില്‍നിന്ന് ഇടികുഴി ഭാഗത്തേക് നീങ്ങിയ ആന പിന്നാലെ തുരുത്തിലെ കാട്ടിലേക്ക് കയറി. അവിടെനിന്ന് മറയൂര്‍ കുടി ഭാഗത്തേക്കും പിന്നാലെ കൊക്കു പാറ ഭാഗത്തേക്കുമാണ് ആന നീങ്ങിയത്.
---------------
Hindusthan Samachar / Sreejith S