Enter your Email Address to subscribe to our newsletters

Newdelhi, 27 നവംബര് (H.S.)
ന്യൂഡൽഹി: രാജ്യത്തെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചുകൊണ്ട് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നവംബർ 30 തിങ്കളാഴ്ച ലോക്സഭയും ഡിസംബർ 2 ബുധനാഴ്ച രാജ്യസഭയും വീണ്ടും സമ്മേളിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സഭാ അധ്യക്ഷന്മാർക്ക് കത്ത് നൽകി. അടിയന്തര പ്രാധാന്യമുള്ള സർക്കാർ കാര്യങ്ങൾ നിർവ്വഹിക്കുന്നതിനാണ് സഭകൾ വീണ്ടും വിളിച്ചുചേർക്കുന്നതെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.
നേരത്തെ ഓഗസ്റ്റ് 13-ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ മൺസൂൺ സമ്മേളനത്തിന്റെ തുടർച്ചയായിട്ടായിരിക്കും ഈ പ്രത്യേക സിറ്റിംഗുകൾ നടക്കുക. സഭകൾ ഇതുവരെ പ്രൊറോഗ് (സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കൽ) ചെയ്യാത്തതിനാൽ, കഴിഞ്ഞ നൂറിലധികം ദിവസങ്ങളായി മൺസൂൺ സമ്മേളനം സാങ്കേതികമായി നിലനിൽക്കുന്നുണ്ട്. ലോക്സഭ വിളിച്ചുചേർക്കാൻ സ്പീക്കർ ഓം ബിർളയോടും രാജ്യസഭ വിളിച്ചുചേർക്കാൻ ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ സി.പി. രാധാകൃഷ്ണനോടും സർക്കാർ ഔദ്യോഗികമായി അഭ്യർത്ഥിച്ചു. സഭയിലെ നടപടിക്രമങ്ങളുടെ പുരോഗതിക്കനുസരിച്ച് ഡിസംബർ 3-ന് ഇരുസഭകളുടെയും സമ്മേളനം സമാപിച്ചേക്കുമെന്നും മന്ത്രി എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.
അതേസമയം, പ്രത്യേക സമ്മേളനത്തിൽ ഏതൊക്കെ ബില്ലുകളാണ് അവതരിപ്പിക്കുക എന്ന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, മണ്ഡല പുനർനിർണ്ണയ (ഡീലിമിറ്റേഷൻ) ബില്ലും വനിതാ സംവരണ ബില്ലും സഭയുടെ പരിഗണനയ്ക്ക് വന്നേക്കുമെന്ന ശക്തമായ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തുന്നതിനും അതുവഴി നിയമനിർമ്മാണ സഭകളിൽ 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് നിർദ്ദിഷ്ട മണ്ഡല പുനർനിർണ്ണയ ബിൽ. പുതുക്കിയ സെൻസസ് വിവരങ്ങൾക്കനുസരിച്ച് മണ്ഡല പുനർനിർണ്ണയം നടത്തുന്നത് വനിതാ സംവരണം വേഗത്തിൽ നടപ്പാക്കാൻ അനിവാര്യമാണെന്നാണ് എൻഡിഎ സർക്കാരിന്റെ നിലപാട്.
എന്നാൽ, വനിതാ സംവരണത്തെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കുന്നതിനെ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണി ശക്തമായി എതിർക്കുന്നുണ്ട്. നിലവിലുള്ള 543 അംഗ ലോക്സഭയിൽ തന്നെ വനിതാ സംവരണം ഉടൻ നടപ്പിലാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. നേരത്തെ ഏപ്രിൽ 16-ന് ലോക്സഭയിൽ അവതരിപ്പിച്ച ഭരണഘടനയുടെ 131-ാം ഭേദഗതി ബിൽ, ആവശ്യമായ പ്രത്യേക ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് ഏപ്രിൽ 17-ന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിർണ്ണായക നീക്കങ്ങളുമായി കേന്ദ്ര സർക്കാർ വീണ്ടും സഭ വിളിച്ചുചേർക്കുന്നത്.
---------------
Hindusthan Samachar / Roshith K