തിരുപ്പരന്കുണ്ഡ്രത്തിലെ ദീപത്തൂണില് നാളെ ദീപം തെളിക്കാമെന്ന് സുപ്രീം കോടതി; സുരക്ഷ സിആര്പിഎഫിന്
New delhi, 27 നവംബര്‍ (H.S.) മധുര തിരുപ്പരന്‍കുണ്ഡ്രം കുന്നിന്‍മുകളിലെ ദീപത്തൂണില്‍ നാളെ ദീപം തെളിയിക്കണമെന്ന് സുപ്രീം കോടതി. ദീപം തെളിയിക്കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതില്‍ തമിഴ്നാട് സര്‍ക്കാരിനെയും ക്ഷേത്ര ഭരണസമിതിയെയും അതിരൂക്ഷമായി സുപ്രീം ക
suprem court


New delhi, 27 നവംബര്‍ (H.S.)

മധുര തിരുപ്പരന്‍കുണ്ഡ്രം കുന്നിന്‍മുകളിലെ ദീപത്തൂണില്‍ നാളെ ദീപം തെളിയിക്കണമെന്ന് സുപ്രീം കോടതി. ദീപം തെളിയിക്കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതില്‍ തമിഴ്നാട് സര്‍ക്കാരിനെയും ക്ഷേത്ര ഭരണസമിതിയെയും അതിരൂക്ഷമായി സുപ്രീം കോടതി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് മനഃപൂര്‍വമായ കോടതിയലക്ഷ്യവും അനുസരണക്കേടുമാണെന്ന് നിരീക്ഷിച്ച കോടതി, തിരുപ്പരന്‍കുണ്ഡ്രം അരുള്‍മിഗു സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ട്രസ്റ്റി ബോര്‍ഡിനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തു. ക്ഷേത്രത്തിന്റെയും കുന്നിന്റെയും സുരക്ഷാ ചുമതല തമിഴ്നാട് പൊലീസില്‍ നിന്ന് മാറ്റി കേന്ദ്ര റിസര്‍വ് പൊലീസ് സേനയ്ക്ക് (സിആര്‍പിഎഫ്) കൈമാറാനും ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

നവംബര്‍ 20-ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം, നവംബര്‍ 24-ന് നടന്ന കാര്‍ത്തിക ദീപം ഉത്സവത്തില്‍ ദീപത്തൂണില്‍ വിളക്ക് തെളിയിക്കേണ്ടതായിരുന്നു. എന്നാല്‍, കനത്ത പൊലീസ് സുരക്ഷയ്ക്കിടയിലും പരമ്പരാഗത സ്ഥലമായ ഉച്ചിപ്പിള്ളയാര്‍ മണ്ഡപത്തില്‍ മാത്രമാണ് ദീപം തെളിയിച്ചത്. ഇതിനെതിരെ ഹര്‍ജിക്കാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി കടുത്ത നടപടികളിലേക്ക് കടന്നത്. കോടതി ഉത്തരവുകള്‍ ആരും ലംഘിക്കാന്‍ അനുവദിക്കില്ലെന്നും, ഇത്തരം സാഹചര്യങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും, അല്ലാത്തപക്ഷം അത് ഭരണഘടനാപരമായ അരാജകത്വത്തിലേക്ക് നയിക്കുമെന്നും ജസ്റ്റിസ് അരവിന്ദ് കുമാര്‍ വ്യക്തമാക്കി.

ക്ഷേത്ര ഭരണസമിതിയുടെ ഭാഗത്തുനിന്ന് സമ്പൂര്‍ണ പരാജയമാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ബോര്‍ഡ് ഓഫ് ട്രസ്റ്റീസിനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ക്ഷേത്ര ഭരണം ഏറ്റെടുത്ത് നടത്തുന്നതിനായി വിരമിച്ച ജഡ്ജിമാരായ ജസ്റ്റിസ് വൈദ്യനാഥന്‍, ജസ്റ്റിസ് പാര്‍ത്ഥിപന്‍ എന്നിവരെ റിസീവര്‍മാരായി കോടതി നിയമിച്ചു. നാളെ ഉച്ചിപ്പിള്ളയാര്‍ മണ്ഡപത്തില്‍ തെളിയിക്കുന്ന ദീപത്തില്‍ നിന്ന് തീ പകര്‍ന്ന്, സുപ്രീം കോടതി നിയമിച്ച റിസീവര്‍മാരുടെ നേതൃത്വത്തില്‍ ദീപത്തൂണില്‍ വിളക്ക് തെളിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. ദര്‍ഗയില്‍ നിന്ന് കുറഞ്ഞത് 50 മീറ്റര്‍ അകലെയായി ദീപത്തൂണില്‍ വിളക്ക് തെളിയിക്കാന്‍ എല്ലാ ഭക്തര്‍ക്കും കോടതി അനുമതി നല്‍കിയിട്ടുണ്ട്.

പ്രാദേശിക പോലീസ് ഉത്തരവ് നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ക്ഷേത്രത്തിന്റെയും തിരുപ്പരന്‍കുണ്ഡ്രം കുന്നിന്റെയും സുരക്ഷ സി.ആര്‍.പി.എഫിനെ ഏല്‍പ്പിച്ചത്. ക്ഷേത്രത്തിലെയും സമീപത്തുള്ള ദര്‍ഗയിലെയും ആചാരങ്ങള്‍ സമാധാനപരമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ദര്‍ഗയ്ക്ക് ആവശ്യമായ സംരക്ഷണം നല്‍കാനും സി.ആര്‍.പി.എഫ് കമാന്‍ഡന്റിന് കോടതി നിര്‍ദേശം നല്‍കി. സുരക്ഷാ ചുമതലകള്‍ സുഗമമായി കൈമാറുന്നതിന് തമിഴ്നാട് ഡി.ജി.പി, ഐ.ജി, മധുര എസ്.പി എന്നിവര്‍ നടപടി സ്വീകരിക്കണം. കൂടാതെ, വിഷയത്തില്‍ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച സ്റ്റേ ഉത്തരവും സുപ്രീം കോടതി റദ്ദാക്കി.

മധുര ജില്ലാ കളക്ടര്‍, ഹിന്ദു മത-ധര്‍മ്മസ്ഥാപന വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍, ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു. മധുര ജില്ലയിലെങ്കിലും ഭരണപരമായ അരാജകത്വമാണ് നിലനില്‍ക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു. കോടതി ഉത്തരവ് നടപ്പിലാക്കേണ്ടത് ജില്ലാ മജിസ്ട്രേറ്റ് എന്ന നിലയില്‍ കളക്ടറുടെ ഉത്തരവാദിത്തമായിരുന്നുവെന്നും, എന്തുകൊണ്ടാണ് അത് ചെയ്യാതിരുന്നതെന്നും കോടതി ആരാഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് നടന്ന യോഗങ്ങളുടെ വിവരങ്ങള്‍, സന്ദേശങ്ങള്‍, കോള്‍ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാനും നേരിട്ട് ഹാജരാകാനും തമിഴ്നാട് ചീഫ് സെക്രട്ടറിയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News