Enter your Email Address to subscribe to our newsletters
NEWDELHI, 12 ഒക്റ്റോബര്‍ (H.S.)
ന്യൂഡല്‍ഹി: വാര്‍ത്താസമ്മേളനത്തില്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നിഷേധിച്ചത് സാങ്കേതിക പിഴവെന്ന് അഫ്ഗാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖി. ഇതിനുപിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വെള്ളിയാഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വര്‍ത്താസമ്മേളനത്തില്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു വിശദീകരണം.
'ചെറിയ സമയപരിധിക്കുള്ളിലാണ് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്. ക്ഷണിച്ച മാധ്യമപ്രവര്‍ത്തകരുടെ പട്ടികയും ചെറുതായിരുന്നു. സാങ്കേതിക പിഴവല്ലാതെ മറ്റൊരു പ്രശ്നവും ഇതിന് പിന്നിലില്ല. മാധ്യമപ്രവര്‍ത്തകരുടെ ഒരു പ്രത്യേക പട്ടിക അടിസ്ഥാനപ്പെടുത്തിയാണ് ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ അവരെ ക്ഷണിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ലായിരുന്നു'', അമീര്‍ ഖാന്‍ മുത്തഖി വ്യക്തമാക്കി.
അഫ്ഗാനിസ്താനിലെ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള പത്തുകോടി വിദ്യാര്‍ഥികളില്‍ 28 ലക്ഷവും സ്ത്രീകളും പെണ്‍കുട്ടികളുമാണ്. മദ്രസകളില്‍ ബിരുദം വരെയുള്ള വിദ്യാഭ്യാസം നല്‍കിവരുന്നു. ചില പരിമിതികളുണ്ടെങ്കിലും സ്ത്രീകളും പെണ്‍കുട്ടികളും തങ്ങള്‍ എതിര്‍ക്കുന്നവരെല്ലെന്നും അഫ്ഗാന്‍ വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ച സംഭവം വിവേചനപരവും നീതികരിക്കാനാവാത്തതുമെന്നാണ് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയും ഇന്ത്യന്‍ വുമണ്‍ പ്രസ് കോര്‍പ്പ്സും (ഐഡബ്ല്യുപിസി) വിശേഷിപ്പിച്ചത്. ഇന്ത്യന്‍ മണ്ണില്‍ മാധ്യമങ്ങള്‍ക്കുള്ള പ്രവേശനത്തിലെ ലിംഗവിവേചനത്തെ ന്യായീകരിക്കാനാവില്ലെന്നായിരുന്നു എഡിറ്റേഴ്സ് ഗില്‍ഡിന്റെ പ്രതികരണം.
''വിയന്ന ഉടമ്പടി ഇരുരാജ്യങ്ങള്‍ തമ്മിലുളള നയതന്ത്ര ബന്ധത്തിന് സംരക്ഷണം നല്‍കുന്നുവെങ്കിലും ഇന്ത്യന്‍ മണ്ണില്‍ മാധ്യമങ്ങള്‍ക്കുള്ള പ്രവേശനത്തിലെ ലിംഗ വിവേചനത്തെ ന്യായീകരിക്കാനാവില്ല'', എഡിറ്റേഴ്സ് ഗില്‍ഡ് പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രദ്ധചെലുത്തണമെന്നാണ് ഐഡബ്ല്യുപിസി ആവശ്യപ്പെട്ടത്.
എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ചെയ്തത്. വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന ഇന്ത്യയിലെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, അഫ്ഗാന്‍ വിദേശകാര്യമന്ത്രി ഞായറാഴ്ച വിളിച്ചുചേര്‍ത്ത രണ്ടാമത്തെ വാര്‍ത്താസമ്മേളനത്തില്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷണമുണ്ടായിരുന്നു.
---------------
Hindusthan Samachar / Sreejith S