ശരണ മുഖരിതമാകാന്‍ ശബരിമല; ഇന്ന് നട തുറക്കും;  മണ്ഡല മകരവിളക്ക് കാലത്ത് പ്രതിദിനം 80000 പേര്‍ക്ക്് ബുക്കിങ്ങ്
sabarimala opens today
sabarimala


Kerala, 15 November (H.S.)

ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകുന്നേരം നാലു മണിക്ക് മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറന്ന ശേഷം ആഴിയില്‍ അഗ്‌നിപകരും. പിന്നാലെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. ഇന്ന് 30000 പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തിട്ടുള്ളത്. ഉച്ചക്ക് ഒരു മണി മുതല്‍ ഭക്തരെ പമ്പയില്‍ നിന്നും കടത്തി വിടും.

വൃശ്ചിക പുലരിയായ നാളെ പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരും ചുമതലയേല്‍ക്കും. കൊല്ലം ശക്തികുളങ്ങര വള്ളിക്കീഴ് കെ.എസ്.ഇ.ബി. നഗര്‍ നാരായണീയത്തില്‍ എസ്. അരുണ്‍കുമാറാണ് പുതിയ ശബരിമല മേല്‍ശാന്തി. കോഴിക്കോട് കുന്നത്തുപാലത്ത് കൈമ്പാലം പള്ളിപ്പുറം തിരുമംഗലം ഇല്ലത്ത് ടി. വാസുദേവന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തിയായി ചുമതലയേല്‍ക്കുന്നത്.

താഴമണ്‍ മഠത്തിലെ പ്രത്യേക പരിശീലനത്തിനുശേഷം എത്തുന്ന നിയുക്ത മേല്‍ശാന്തിമാരെ തന്ത്രി കണ്ഠര് രാജീവര് ആണ് അഭിഷേകം ചെയ്യുന്നത്. അയ്യപ്പഭക്തരെ വരവേല്‍ക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

പമ്പയില്‍ ചെറുവാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിച്ചിട്ടുണ്ട്. പ്രതിദിനം 80000 പേര്‍ക്കാണ് ശബരിമലയില്‍ ദര്‍ശനം അനുവദിക്കുക. ഇതില്‍ വെര്‍ച്വല്‍ ക്യു വഴിയും 10000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങ്ങ് വഴിയുമാണ് ദര്‍സനം. സ്‌പോട്ട് ബുക്കിങ്ങിനായി പമ്പ, എരുമേലി, സത്രം എന്നിവിടങ്ങളില്‍ കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ സ്‌പോട് ബുക്കിങ് ചെയ്ത തീര്‍ഥാടകന്റെ എല്ലാ വിവരങ്ങളും അറിയാന്‍ സാധിക്കുന്ന പാസുകളാണ് ഈ വര്‍ഷം നല്‍കുന്നത്.

പതിവു പോലെ കെഎസ്ആര്‍ടിസി പമ്പയിലേക്ക് പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. തീര്‍ഥാടനകാലം പ്രമാണിച്ച് 9 സ്‌പെഷല്‍ ട്രെയിനുകള്‍ റെയില്‍വേയും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ- കൊല്ലം റൂട്ടില്‍ 4 സ്‌പെഷലുകള്‍ സര്‍വീസ് നടത്തും. ഈ മാസം 19 മുതല്‍ ജനുവരി 19 വരെയാണ് സര്‍വീസുകള്‍. കച്ചിഗുഡ - കോട്ടയം റൂട്ടില്‍ 2 സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങി. ഹൈദരാബാദ് - കോട്ടയം റൂട്ടില്‍ രണ്ടും കൊല്ലം- സെക്കന്ദരാബാദ് റൂട്ടില്‍ ഒന്നും സ്‌പെഷലുകള്‍ സര്‍വീസ് നടത്തും

---------------

Hindusthan Samachar / Sreejith S


Latest News