ശബരിമലയിലെ സ്വർണക്കൊള്ള : സാമുദായിക നേതാക്കളുടെയും സാംസ്കാരിക നായകരുടെയും മൗനം പ്രവാസി മലയാളി വിശ്വാസികളെ വേദനിപ്പിക്കുന്നു - എൻ. മുരളീധരപണിക്കർ
DUBAI 12 ഒക്റ്റോബര്‍ (H.S.) ദുബായ് : ലോകമെമ്പാടുമുള്ള അയ്യപ്പ വിശ്വാസികളെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ ദിവസം ചെല്ലുന്തോറും ശബരിമലയിലെ സ്വര്‍ണ അപഹരണത്തെ കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം വിശ്
SABARIMALA


DUBAI 12 ഒക്റ്റോബര്‍ (H.S.)

ദുബായ് : ലോകമെമ്പാടുമുള്ള അയ്യപ്പ വിശ്വാസികളെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ ദിവസം ചെല്ലുന്തോറും ശബരിമലയിലെ സ്വര്‍ണ അപഹരണത്തെ കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിനപ്പുറം വളരെയേറെ പ്രാധാന്യമുള്ളതും ലോകശ്രദ്ധ നേടിയതുമായ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. പ്രവാസികളുടെ മനസില്‍ കേരളത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മയിലെത്തുന്ന ആധ്യാത്മിക കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ് പുണ്യപരിപാപനമായ ശബരിമല. അവിടെ ഇത്തരത്തിലൊരു ഭീകരമായ സ്വര്‍ണ അപഹരണം നടക്കുമ്പോള്‍ അതില്‍ പ്രതിഷേധിക്കാനോ, പ്രതികരിക്കാനോ, സര്‍ക്കാര്‍ സംവിധാനങ്ങളോ, രാഷ്ട്രീയ പാര്‍ട്ടികളോ, ആത്മീയ പ്രസ്ഥാനങ്ങളോ, മത സംഘടനകളോ രംഗത്തു വരുന്നില്ല എന്നത് പ്രവാസികളായ ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വേദനാജനകമായ കാര്യമാണ്.

നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം എന്തിനും ഏതിനും പ്രതികരിക്കുന്ന സാംസ്‌കാരിക നായകരുടെ മൗനം അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ പ്രവാസികളെ അതിശയിപ്പിക്കുകയാണ്. ഇത്രയും ഭീകരമായ ഒരു കൊള്ള നടന്നിട്ടും പരസ്പരം പഴിചാരി യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് രക്ഷപ്പെട്ടു പോകാന്‍ അവസരമൊരുക്കുകയാണോ പലരുടെയും ലക്ഷ്യം എന്നുപോലും ഞങ്ങള്‍ക്ക് സംശയമുണ്ട്. ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം ഭൗതികമായി ഞങ്ങള്‍ ഇവിടെയില്ലെങ്കിലും മനസുകൊണ്ട് ഓരോ നിമിഷവും നമ്മുടെ നാടിനെക്കുറിച്ച് ചിന്തിക്കുന്ന ഒരു മാനസികാവസ്ഥയാണ് ഉള്ളത്. നമ്മുടെ നാട്ടില്‍ നിന്നെത്തുന്ന ഓരോ സദ് വാര്‍ത്തകളും ഞങ്ങളെ സന്തോഷിപ്പിക്കുമ്പോള്‍ ഇത്തരത്തിലുണ്ടാകുന്ന ചോരണകഥകള്‍ ഞങ്ങളെ അത്യധികം വേദനിപ്പിക്കുകയും ഉത്കണ്ഠാകുലരാക്കുകയും ചെയ്യുന്നു. ശബരിമലയെ സംബന്ധിച്ചിടത്തോളം വിദേശ രാജ്യങ്ങളില്‍ നിന്നും വ്രതമെടുത്ത് വളരെയധികം പണം ചെലവാക്കി ആചാരമര്യാദകള്‍ ഒട്ടും തെറ്റിക്കാതെ വിപരീത സാഹചര്യങ്ങള്‍ മറികടന്ന് ഇവിടെയെത്തി ശാസ്താവിനെ ദര്‍ശിച്ചു പോകുന്ന ലക്ഷക്കണക്കിന് ഭക്തരാണ് പ്രവാസി സമൂഹത്തിലുള്ളത്.

ഈ വിഷയത്തെ ജാഗ്രതയോടെ പരിശോധിച്ചപ്പോള്‍ പ്രവാസികളായ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞ ഏറ്റവും വലിയ പ്രത്യേകത മതമേലധ്യക്ഷന്‍മാരും സാമുദായിക സംഘടനാ നേതാക്കളും അവരുടെ വ്യക്തിതാത്പര്യങ്ങളും പക്ഷവും മാത്രം വ്യക്തമാക്കി പ്രതികരിച്ചിരിക്കുന്നു എന്നതാണ്. കലക്ക വെള്ളത്തിലെ ഒരുതരത്തിലുള്ള മിന്‍പിടിത്തമെന്ന് ഇതിനെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഇതാണ് ഞങ്ങളെ വേദനിപ്പിക്കുന്ന മറ്റൊരു വസ്തുത.

ഒരുപക്ഷേ മുസ്ലിം സമൂഹം ഹജ്ജിനു നല്‍കുന്ന പ്രാധാന്യം പോലെയാണ് പ്രവാസികളായ ഓരോ മലയാളി വിശ്വാസികളും ശബരിമല തീര്‍ത്ഥാടനത്തിന് നല്‍കുന്നത്. അത്രയേറെ പവിത്രതയോടെ നാം കാണുന്ന ഒരു സന്നിധിയെ കുറിച്ച് ഇത്തരത്തിലുള്ള ദുഃഖകരമായ വാര്‍ത്ത വരുമ്പോള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന കുറ്റകരമായ മൗനമാണ് ഞങ്ങളുടെ മനസിനെ വ്രണപ്പെടുത്തുന്നത്. ഒരുപക്ഷേ ഇത്രയേറെ നിരാശ ഞങ്ങള്‍ക്കു സമ്മാനിച്ച ഒരു സംഭവം കേരളത്തിന്റെ ആത്മീയ തട്ടകത്തില്‍ നിന്ന് അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. വിദേശത്ത് ജീവിക്കുമ്പോഴും ആചാരങ്ങളെയും വിശ്വാസങ്ങളെയും മുറുകെ പിടിച്ച് മുന്നോട്ടു നീങ്ങുന്ന ഞങ്ങളുടെ ആഗ്രഹം ഇത്തരം തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ പവിത്രത അതുല്യമായി നിലകൊള്ളണമെന്നുള്ളതാണ്. അതിനു പോറലേല്‍പ്പിക്കുന്ന ഒരു നടപടി ശബരിമലയുമായി ബന്ധപ്പെട്ട ഒരുപറ്റം മനുഷ്യരില്‍ നിന്നും ഉണ്ടായിട്ടു പോലും അതിനെ തൃണവല്‍ഗണിച്ചുകൊണ്ട് വെറും രാഷ്ട്രീയ പോരായി ഈ സംഭവം മാറുന്നു എന്നതാണ് അതിലേറെ ദുഃഖകരം.

യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ മറ്റേതെങ്കിലും ഒരു സംസ്ഥാനത്താണ് ഇത്തരത്തില്‍ ഒരു ആത്മീയ കേന്ദ്രത്തില്‍ തട്ടിപ്പ് നടന്നതെങ്കില്‍ ഇവിടെയുള്ള സാംസ്‌കാരിക നായകര്‍ ഒന്നടങ്കം പ്രതിഷേധ സ്വരമുയര്‍ത്തുകയും അപലപിക്കുകയും നിയമനടപടികള്‍ ആവശ്യപ്പെട്ട് രംഗത്തു വരികയും ചെയ്യുന്നത് നിരവധി തവണ നാം സാക്ഷ്യം വഹിച്ച കാര്യമാണ്. പക്ഷേ ശബരിമലയുടെ കാര്യത്തില്‍ അവര്‍ പുലര്‍ത്തുന്ന മൗനം ദുരൂഹമാണ്. അതിന്റെ അര്‍ത്ഥം ഇവര്‍ നിലകൊള്ളുന്നത് അവസരവാദപരമായ നിലപാടുകള്‍ക്ക് ഒപ്പമാണ് എന്ന വസ്തുത കൂടെ ഇവിടെ വെളിപ്പെടുന്നുണ്ട്.

ശബരിമല മതേതരത്വത്തിന്റെ പ്രതീകം കൂടി പേറുന്ന ഒരു ആരാധനാലയമാണ്. അതുകൊണ്ടുതന്നെ ജാതി, മത വ്യത്യാസങ്ങള്‍ ഇല്ലാതെ ഈ വിഷയത്തില്‍ പ്രതികരിക്കാനുള്ള അവകാശം എല്ലാ സാമൂഹിക സംഘടനകള്‍ക്കും സാംസ്‌കാരിക നായകന്‍മാര്‍ക്കും ഉണ്ടെന്നിരിക്കെ അവര്‍ സ്വന്തം കൃത്യം വിസ്മരിക്കുന്നു എന്നുവേണം കരുതാന്‍. അല്ലെങ്കില്‍ അവര്‍ ആരെയോ ഭയക്കുകയോ, ആരുടെയോ അതൃപ്തിക്ക് ഇരയാകുമെന്നു പേടിച്ച് മൗനം പാലിക്കുകയോ ചെയ്യുന്നു.

സംസ്ഥാന സര്‍ക്കാരിനോട് പ്രവാസികള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ഈ വിഷയത്തില്‍ ചിലത് പറയാനുണ്ട്. ഒന്നാമതായി കേരളത്തില്‍ ഇന്ന് ഒരു ഇല ചലിച്ചാല്‍ പോലും ആദ്യം അറിയുന്നത് നാല്‍പ്പത് ലക്ഷത്തോളം വരുന്ന അറബിനാടുകളിലെ മലയാളി പ്രവാസികളാണെന്ന സത്യം സര്‍ക്കാര്‍ മറക്കരുത്. ഇവിടെ ഇത്രയും വലിയൊരു സംഭവം ഉണ്ടായപ്പോള്‍ കോടതി ഇടപെട്ട് കുറ്റവാളികളെ വെളിച്ചത്തു കൊണ്ടുവരാന്‍ ശ്രമം ആരംഭിച്ച്പോള്‍ സര്‍ക്കാര്‍ അതിനൊപ്പം എത്രകണ്ടു സഹകരിക്കുന്നു എന്ന വലിയ സത്യം പ്രവാസി സമൂഹത്തിനിടയില്‍ ഉയരുന്നുണ്ട്. ഈ സംശയം മികച്ച നടപടികളിലൂടെ ദൂരീകരിക്കേണ്ട ബാധ്യത സര്‍ക്കാരിനു തന്നെയാണുള്ളത്. രണ്ടാമതായി നാം വളരെ അഭിമാനത്തോടെ പ്രവാസി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന ആത്മീയ കേന്ദ്രങ്ങളില്‍ ഒന്നായ ശബരിമലയില്‍ കെടുകാര്യസ്ഥത, അഴിമതി എന്നിവ നിലനില്‍ക്കുന്നു എന്ന പ്രതിച്ഛായ പ്രവാസികള്‍ക്കിടയില്‍ പരക്കാന്‍ ഇടയായാല്‍ അത് സംസ്ഥാനത്തിന്റെ ഭാവി വികസനത്തെ പോലും തുരങ്കം വയ്ക്കുന്നതാകും. പ്രത്യേകിച്ച് ആഗോള അയ്യപ്പ സംഗമം പോലൊരു ബൃഹദ് പരിപാടി സര്‍ക്കാര്‍ വിജയിപ്പിച്ച ഒരു പശ്ചാത്തലം നിലനില്‍ക്കുന്ന ഈ ഘട്ടത്തില്‍. അതുകൊണ്ടുതന്നെ ഈ കളവിനു പിന്നിലുള്ളവരെ കൈയോടെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനുള്ള ധാര്‍മികമായ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ട്. ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുന്നു എന്നത് ഞങ്ങള്‍ പ്രവാസികള്‍ സാകൂതം വീക്ഷിക്കുകയാണ്.

പ്രതിപക്ഷത്തോടും ഞങ്ങള്‍ക്ക് ഓര്‍മിപ്പിക്കാനുള്ളത്, ഇത് ആരുടെയും ജയത്തിന്റെയോ, തോല്‍വിയുടെയോ വിഷയമല്ല. മറിച്ച് കേരളത്തിന്റെ ആത്മീയ യശ്ശസിനെ ബാധിക്കുന്ന ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ ആ കറ മായ്ച്ചുകളയാനുള്ള പരിശ്രമത്തില്‍ പങ്കാളിയാകാനുള്ള ബാധ്യത പ്രതിപക്ഷത്തിനുമുണ്ട്. ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ഒരു കക്ഷികളും ശ്രമിക്കരുത് എന്നാണ് പ്രവാസികളായ ഞങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. അന്യനാട്ടില്‍ തലയുയര്‍ത്തിനിന്ന് സ്വന്തം നാടിന്റെ മേന്‍മകള്‍ വര്‍ണിക്കുമ്പോള്‍ ഞങ്ങള്‍ക്ക് തലയുയര്‍ത്തിത്തന്നെ നില്‍ക്കാനുള്ള അവസരം സൃഷ്ടിക്കപ്പെടണം.

പ്രതിപക്ഷവും ഭരണപക്ഷവും വിശ്വാസികളെ പറ്റിക്കുന്ന സമീപനമല്ലേ സ്വീകരിക്കുന്നത് എന്ന ന്യായമായ സംശയം പ്രവാസി ലോകത്തെ വിശ്വാസികള്‍ക്കിടയില്‍ ഉയരുമ്പോള്‍ അതിനെന്തു മറുപടിയാണ് ഇക്കൂട്ടര്‍ക്ക് നല്‍കാന്‍ കഴിയുന്നത്.

Hindusthan Samachar / Sreejith S


Latest News