Enter your Email Address to subscribe to our newsletters
Pathanamthitta, 12 ഒക്റ്റോബര്‍ (H.S.)
ശബരിമല സ്വർണക്കൊള്ളയില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ അന്വേഷണം ഊർജ്ജിതമാക്കി എസ്‌ഐടി. സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും.
ആദ്യം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയെടുക്കാനാണ് നീക്കം. പോറ്റിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെന്നാണ് സൂചന. വ്യത്യസ്ത ടീമുകളായി തിരിഞ്ഞ് ചെന്നൈയിലേക്കും, ബെംഗളൂരുവിലേക്കും ഉള്‍പ്പെടെ എസ് ഐ ടി അന്വേഷണം വ്യാപിപ്പിക്കും. ഇതിനിടെ, അറ്റകുറ്റപ്പണി കഴിഞ്ഞ ദ്വാരപാലക ശില്‍പ പാളികള്‍ അമിക്കസ്ക്യൂറി ഇന്ന് പരിശോധിക്കും. സ്ട്രോങ്ങ് റൂം പരിശോധന ഇന്നും തുടരും. ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരെയും അടക്കം അടക്കം പ്രതിയാക്കി രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ദ്വാരപാലക ശില്‍പപ്പാളി, കട്ടിള എന്നിവയില്‍ നിന്ന് സ്വർണ്ണം കവർന്ന രണ്ട് കേസുകളിലുമായി ആദ്യം ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി രേഖപ്പെടുത്തും. ഇതിനായി ഉണ്ണികൃഷ്ണൻ പോറ്റിയോട് ഹാജരാകാൻ എസ്‌ഐടി ആവശ്യപ്പെട്ടിട്ടുവെന്നാണ് സൂചന. അതിനുശേഷം മുരാരി ബാബു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. നിലവില്‍ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് കമ്ബനിയെ പ്രതിയാക്കിയിട്ടില്ല. കൂടുതല്‍ അന്വേഷണത്തിന് ശേഷമായിരിക്കും പ്രതി ചേർക്കുക. വേർതിരിച്ചെടുത്ത സ്വർണ്ണം ഒരു സുഹൃത്തിന് നല്‍കിയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം വിജിലൻസിന് മൊഴി നല്‍കിയത്. ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞതനുസരിച്ച് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഒരു സുഹൃത്തിനെ കൈമാറി എന്നാണ് സ്മാർട്ട് ക്രിയേഷൻസിന്‍റെയും മൊഴി. കല്‍പേഷ് എന്ന സുഹൃത്തിനാണ് വേര്‍തിരിച്ച സ്വര്‍ണം കൈമാറിയതെന്നാണ് പോറ്റിയുടെ മൊഴി. ഇയാളെ കണ്ടെത്താനുള്ള അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാളില്‍ നിന്ന് നഷ്ടപ്പെട്ട സ്വർണം കണ്ടെത്താൻ സാധിക്കുമെന്നാണ് കണക്ക് കൂട്ടല്‍. പോറ്റിയുടെ പ്രതിനിധി ആയി സ്മാർട്ട് ക്രിയേഷൻസില്‍ നിന്ന് വേര്‍തിരിച്ച സ്വർണം കല്‍പേഷ് ആണ് ഏറ്റുവാങ്ങിയതെന്നാണ് മൊഴി. എസ്‌ഐടിയില്‍ പുതുതായി ഉള്‍പ്പെടുത്തിയ അംഗങ്ങള്‍ ഉള്‍പ്പെടെ പല വിഭാഗങ്ങളായി തിരിഞ്ഞാകും അന്വേഷണം. മൂന്ന് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തെ രണ്ട് എസ്‍പിമാര്‍ ഏകോപിപ്പിക്കും. പത്തനംതിട്ടയില്‍ ക്യാമ്ബ് ഓഫീസ് തുറക്കും.
നാളെ ആറന്മുളയില്‍ കണക്കെടുപ്പ്
അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്‍റെ നേതൃത്വത്തില്‍ ശബരിമല സന്നിധാനത്തെ സ്ട്രോങ്ങ് റൂം പരിശോധന ഇന്നും തുടരും. അറ്റകുറ്റപ്പണി പൂർത്തിയാക്കി എത്തിച്ച ദ്വാരപാലക പാളികളുടെ പരിശോധനയും ഇന്ന് നടക്കും. സന്നിധാനത്തെ നടപടികള്‍ പൂർത്തിയാക്കിയശേഷം നാളെ പ്രധാന സ്ട്രോങ്ങ് റൂം ആയ ആറന്മുളയില്‍ കണക്കെടുപ്പ് നടത്തും. കാലങ്ങളായി തീർത്ഥാടകർ സമർപ്പിച്ചിട്ടുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുപ്പാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. പൊരുത്തക്കേട് കണ്ടെത്തിയാല്‍ ഹൈക്കോടതി ഇക്കാര്യത്തിലും ശക്തമായ നടപടിയെടുക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR