Enter your Email Address to subscribe to our newsletters
Kolkatha, 12 ഒക്റ്റോബര്‍ (H.S.)
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എംബിബിഎസ് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാത്രി 12.30-ന് പെണ്‍കുട്ടി എങ്ങനെ പുറത്തെത്തിയെന്ന് ആരാഞ്ഞ മമത, വിദ്യാര്‍ഥികളുടെ സുരക്ഷയുടെ ഉത്തരവാദിത്വം കോളേജിനാണെന്നും പറഞ്ഞു.
'അവള്‍ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് പഠിക്കുന്നത്. ആരുടെ ഉത്തരവാദിത്വമാണിത്? രാത്രി 12.30-ന് അവള്‍ക്ക് എങ്ങനെ പുറത്തുവരാന്‍ കഴിഞ്ഞു?', മമത ചോദിച്ചു. ദുര്‍ഗാപുരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയും ഒഡീഷ സ്വദേശിനിയുമായ 23-കാരിയാണ് വെള്ളിയാഴ്ച കൂട്ടബലാത്സംഗത്തിനിരയായത്.
സംഭവം ഞെട്ടിക്കുന്നതാണെന്നും ബംഗാള്‍ പോലീസ് ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ടെന്നും മമതാ ബാനര്‍ജി പറഞ്ഞു. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ അവരുടെ വിദ്യാര്‍ഥികളെ സംരക്ഷിക്കണം. അവരെ പുറത്തുവിടരുത്. അവര്‍ അവരെത്തന്നെ സംരക്ഷിക്കേണ്ടതുണ്ട്. ഒരു വനമേഖലയാണ് അവിടം, മമത കൂട്ടിച്ചേര്‍ത്തു.
വിഷയവുമായി ബന്ധപ്പെട്ട് ബിജെപി ഉയര്‍ത്തിയ പ്രതിഷേധത്തെയും മമത വിമര്‍ശിച്ചു. സമീപസംസ്ഥാനമായ ഒഡീഷയില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു അത്. ഒഡീഷയില്‍ കടല്‍ത്തീരങ്ങളില്‍ പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുകയാണ്. ഒഡീഷ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നത്?, മമത ആരാഞ്ഞു.
അതേസമയം, വിഷയത്തില്‍ മമതയ്ക്കെതിരേ ബിജെപി വന്‍ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ലൈംഗികാതിക്രമ കേസില്‍ അതിജീവിതകള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് പകരം അവരെ അപമാനിക്കുകയാണ് ബംഗാള്‍ മുഖ്യമന്ത്രി ചെയ്യുന്നതെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു.
പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് പകരം അവരോട് രാത്രി പുറത്തുപോകരുതെന്ന് പറയുന്ന മുഖ്യമന്ത്രിക്ക്, ആ പദവിയില്‍ തുടരാന്‍ അവകാശമില്ല. നാണമില്ലാത്ത മമതാ ബാനര്‍ജി, മുഖ്യമന്ത്രിയായിരിക്കുന്നതിനേക്കാള്‍ സ്ത്രീത്വത്തിന് അപമാനമാണ്. ആര്‍ജി കറിനും സന്ദേശ്ഖലിക്കും പിന്നാലെ ഇപ്പോള്‍ ഭീകരമായ ഈ സംഭവവും. നീതിക്കു പകരം അവര്‍ അതിജീവിതയെ അപമാനിക്കുകയാണെന്നും ഗൗരവ് കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S