Enter your Email Address to subscribe to our newsletters
Kozhikode, 12 ഒക്റ്റോബര്‍ (H.S.)
കോഴിക്കോട്: ഷാഫി പറമ്പിൽ എം.പിയെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. നടപടിയില്ലെങ്കില്‍ ആരോപണ വിധേയരുടെ വീടുകളിലേക്ക് മാർച്ച് നടത്തുമെന്നാണ് കോണ്‍ഗ്രസിന്‍റെ മുന്നറിയിപ്പ്. പൊലീസ് നടപടിയില്‍ വെട്ടിലായെങ്കിലും പ്രതിരോധം തീര്‍ക്കാനാണ് സിപിഎം ശ്രമം. പേരാമ്പ്രയിലെ സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിലിനെ മര്‍ദിച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിഞ്ഞതോടെ ലാത്തിചാര്‍ജിന് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
പൊലീസ് നടപടിക്ക് നേതൃത്വം കൊടുത്ത പേരാമ്പ്ര ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. ആവശ്യമുന്നയിച്ച് ജില്ലയിൽ പ്രതിഷേധ പരിപാടികൾ തുടരാനാണ് കോഴിക്കോട് ഡിസിസിയുടെ തീരുമാനം. നടപടിയുണ്ടായില്ലെങ്കില്‍ അടുത്ത ഘട്ടമായി മര്‍ദനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് തന്നെ മാര്‍ച്ച് നടത്തുമെന്നും കോഴിക്കോട് ഡി സി സി പ്രസിഡന്‍റ് കെ. പ്രവീൺകുമാർ വ്യക്തമാക്കി. പേരാമ്പ്രയിലെ കോണ്‍ഗ്രസ് പ്രതിഷേധ സംഗമത്തിനിടെ ഇന്നലെ പ്രവര്‍ത്തകര്‍ പൊലീസിനെ തടഞ്ഞിരുന്നു. ഈ സംഭവത്തില്‍ പൊലീസ് ഇന്ന് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യും.
അതേസമയം ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദനത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത് വന്നിരുന്നു . ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം. യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പൊലീസുകാർക്കെതിരെ നടപടി വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
ഷാഫി പറമ്പില്‍ എം പിയെയും സഹപ്രവര്‍ത്തകരെയും ആക്രമിച്ച് ശബരിമലയില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്ന് വി ഡി സതീശൻ ആവര്‍ത്തിച്ച് വ്യക്തമാക്കി. ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
---------------
Hindusthan Samachar / Roshith K