Enter your Email Address to subscribe to our newsletters
THIRUVANATHAPURAM, 13 ഒക്റ്റോബര്‍ (H.S.)
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറെ തലയ്ക്ക് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ സർക്കാർ ആശുപത്രികളിലെ അരക്ഷിതാവസ്ഥയും സുരക്ഷാ വീഴ്ചയും സംബന്ധിച്ച് സംഘടനയുടെ ഗൗരവമായ ആശങ്ക രേഖപ്പെടുത്തുന്നു. ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിൽ സംവിധാനങ്ങൾ പരാജയപ്പെടുന്നു എന്നത് തികച്ചും നിരാശാജനകമാണ്.
തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആശുപത്രി അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ആശുപത്രികളെ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണമെന്ന് ദീർഘകാലമായി സംഘടന മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം ഇതേവരെ യാഥാർത്ഥ്യമായിട്ടില്ല. ഡോ. വന്ദനാ ദാസിൻ്റെ ദാരുണമായ കൊലപാതകത്തെത്തുടർന്നുള്ള പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളിൽ പലതും ഇപ്പോഴും നടപ്പിലായിട്ടില്ല. സുശക്തമായ ആശുപത്രി സംരക്ഷണ നിയമം രൂപീകരിച്ചതും കസ്റ്റഡിയിൽ ഉള്ള പ്രതികളുടെ മെഡിക്കൽ പരിശോധന സംബന്ധിച്ച മാനദണ്ഡങ്ങൾ പരിഷ്കരിച്ചതും മാത്രമാണ് നടപ്പിലായവ. എന്നാൽ പ്രധാന ആശുപത്രികളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ ഏൽപ്പിക്കും എന്ന തീരുമാനം അവഗണിക്കപ്പെട്ടു. അതോടൊപ്പം തന്നെ എല്ലാ പ്രധാന ആശുപത്രികളിലും പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുമെന്ന വാഗ്ദാനവും ആറു മാസം കൂടുമ്പോൾ പ്രധാന ആശുപത്രികളിൽ സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന പ്രഖ്യാപനവും നാളിതുവരെ നടപ്പിലാക്കപ്പെട്ടിട്ടില്ല. ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഇതിന്റെ ഭാഗമായിട്ടുള്ള നിർദ്ദേശങ്ങൾ പലയിടത്തും യാഥാർത്ഥ്യമായിട്ടില്ല. ഇതിന്റെ ഭാഗമായി വിമുക്തഭടന്മാരെ സുരക്ഷാ ജീവനക്കാരായി നിയമിക്കുന്നതിനും ആശുപത്രികളിൽ സിസിടിവികൾ സ്ഥാപിക്കുന്നതിനുള്ള ഫണ്ടുകൾ വകയിരുത്തുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പലയിടത്തും പരാജയപ്പെടുന്നു. അതോടൊപ്പം സർക്കാർ ആശുപത്രികളിൽ പ്രത്യേകിച്ച് അത്യാഹിത വിഭാഗങ്ങളിൽ ഉണ്ടാവുന്ന അനിയന്ത്രിതമായ തിരക്ക് പലപ്പോഴും ആശുപത്രി അക്രമങ്ങളിലേക്ക് വഴിതെളിക്കുന്നു.
ഈ പശ്ചാത്തലത്തിൽ പരിമിതമായ സാഹചര്യങ്ങളിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരുടെ ജീവന് സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണമെന്ന് സർക്കാരിനോട് സംഘടന ആവശ്യപ്പെടുന്നു. ഇതിന്റെ ഭാഗമായി താഴെപ്പറയുന്ന നിർദേശങ്ങൾ ഉടനടി നടപ്പിലാക്കണം
* എല്ലാ കാഷ്വാലിറ്റികളിലും triage സംവിധാനം അടിയന്തരമായി നടപ്പാക്കണം
* Casualty കളിൽ ഒരു ഷിഫ്റ്റിൽ 2 CMO മാരുടെ സേവനം ഉറപ്പാക്കണം
* പ്രധാന ആശുപത്രികളുടെ സുരക്ഷാചുമതല SISF നെ ഏൽപ്പിക്കുകയും, കാഷ്വാലിറ്റിയുള്ള മറ്റെല്ലാ ആശുപത്രികളിലും പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്യണം.
* സിസിടിവി സംവിധാനം സ്ഥാപിക്കൽ, എക്സ് സർവീസ് സുരക്ഷാ ജീവനക്കാരുടെ നിയമനം എന്നിവയ്ക്കായുള്ള ഫണ്ടുകൾ സമയബന്ധിതമായി ലഭ്യമാക്കണം.
* ഓരോ കേഡറിലും രോഗി - ഡോക്ടർ അനുപാതം കൃത്യമായി നിർവചിക്കണം
ഇതോടൊപ്പം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി സമയത്ത് ആക്രമണത്തിനിരയായ ഡോ. വിപിന്റെ ചികിത്സാച്ചിലവ് പൂർണമായി ഏറ്റെടുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു.
മേൽ സൂചിപ്പിച്ച ആവശ്യങ്ങളിൽ സമയബന്ധിതമായി അനുകൂലതീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ ഘട്ടംഘട്ടമായി പ്രക്ഷോഭ രംഗത്തേക്ക് കടക്കുന്നതാണ്. ആദ്യഘട്ടം എന്ന നിലയിൽ 01/11/2025 മുതൽ സംസ്ഥാനവ്യാപകമായി രോഗിപരിചരണം ഒഴികെയുള്ള മറ്റ് ഡ്യൂട്ടികളിൽ നിന്ന് വിട്ടു നിന്നുകൊണ്ട് നിസ്സഹകരണ സമരം ആരംഭിക്കുന്നതാണ്. സംഘടന മുന്നോട്ടുവെക്കുന്ന ഏറ്റവും ന്യായമായ ആവശ്യങ്ങളിൽ അനുകൂലതീരുമാനം ഉണ്ടാവുന്നില്ലെങ്കിൽ വരുംദിവസങ്ങളിൽ കൂടുതൽ ശക്തമായ സമരമാർഗ്ഗങ്ങളിലേക്ക് സംഘടന നീങ്ങുന്നതാണ്.
സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് സ്വതന്ത്രവും നിർഭയവുമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഉറപ്പാക്കുന്നതിനും, അതുവഴി സംസ്ഥാനത്തെ പൊതുജനാരോഗ്യ രംഗത്തെ നിലനിർത്തുന്നതിനും വേണ്ടി സംഘടന മുന്നോട്ടുവെക്കുന്ന ഏറ്റവും ന്യായമായ ആവശ്യങ്ങളിൽ എത്രയും വേഗം അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകണമെന്ന് സർക്കാരിനോട് സംഘടന ആവശ്യപ്പെടുന്നു.
---------------
Hindusthan Samachar / Sreejith S