Enter your Email Address to subscribe to our newsletters
THRISSUR 13 ഒക്റ്റോബര്‍ (H.S.)
ചാവക്കാട്: മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമന്‍സ് നല്‍കിയിട്ടും അത് മൂടിവച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നോട്ടീസ് അയച്ചതിനു ശേഷം ഇ.ഡിയും ഒരു നടപടിക്രമങ്ങളും നടത്തിയിട്ടില്ല. സമന്‍സ് അയയ്ക്കാന്‍ ഒരു തുടക്കമുണ്ടാകണം. സമന്‍സ് അയച്ചതിനു ശേഷം ആ തുടക്കം എങ്ങനെയാണ് ഇല്ലാതായത്? അത് ഇല്ലാതായെന്നാണ് എം.എ ബേബി പ്രതികരിച്ചിരിക്കുന്നത്. അത് അദ്ദേഹം എങ്ങനെ അറിഞ്ഞു? എങ്ങനെയാണ് ഇ.ഡിയുടെ നോട്ടീസ് ഇല്ലാതാകുന്നത്. മുഖ്യമന്ത്രി പാര്‍ട്ടി നേതൃത്വത്തോടോ മന്ത്രിമാരോടോ മാധ്യമങ്ങളോടോ പൊതുസമൂഹത്തോടോ ഇതേക്കുറിച്ച് പറയാതെ മൂടിവച്ച് സെറ്റില്‍ ചെയ്യുകയായിരുന്നു. സി.പി.എം- ബി.ജെ.പി ബാന്ധവമുണ്ടെന്നതാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അമിത് ഷാ ഉള്‍പ്പെടെയുള്ളവരുമായി മുഖ്യമന്ത്രി ബന്ധം പുലര്‍ത്തുന്നുണ്ട്. അതിന് ചില ഇടനിലക്കാരുണ്ട്. അതിന്റെ ഭാഗമായാണ് എ.ഡി.ജി.പി അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാവിനെ കണ്ടത്. പൂരം കലക്കിയെന്നും തൃശൂരില്‍ ബി.ജെ.പിയെ ജയിപ്പിക്കാന്‍ എല്ലാ സഹായവും ചെയ്തുകൊടുത്തെന്നും ആരോപണമുണ്ട്.
ഇതിന്റെയൊക്കെ പിന്നില്‍ ഈ സമന്‍സാണോ? 2023 ലാണ് സമന്‍സ് നല്‍കിയത്. 2024 ലാണ് തിരഞ്ഞെടുപ്പ് നടന്നത്. അന്ന് കരുവന്നൂരില്‍ ഇ.ഡി പിടിമുറുക്കിയതും സി.പി.എമ്മിനെ ഭയപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി തുറന്നു പറയണം. കുടുംബാംഗത്തിന് എതിരായ ആരോപണത്തിലെ സത്യാവസ്ഥ മുഖ്യമന്ത്രി പറയട്ടെ. പറയാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. മുഖ്യമന്ത്രിയുടെ മകന് നോട്ടീസ് നല്‍കിയത് എം.എ ബേബി എങ്ങനെയാണ് അറിഞ്ഞത്. ഇ.ഡി നോട്ടീസ് നല്‍കുമ്പോള്‍ സി.പി.എം അഖിലേന്ത്യാ സെക്രട്ടറിക്കും നോട്ടീസ് നല്‍കുമോ? 2023-ല്‍ എം.എ ബേബി അഖിലേന്ത്യാ സെക്രട്ടറിയായിരുന്നില്ല. ഇപ്പോള്‍ അദ്ദേഹം എന്തിനാണ് ഇറങ്ങിയതെന്ന് എനിക്ക് അറിയില്ലെന്നും സതീശന്‍ പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണ കവര്‍ച്ചയെ കുറിച്ചും ദ്വാരപാലക ശില്‍പം കോടീശ്വരന് വിറ്റതിനെ കുറിച്ചും പ്രതിപക്ഷം എന്താണോ പറഞ്ഞത് അതെല്ലാം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്നത്. 2019-ല്‍ ദേവസ്വം മാനുവല്‍ ലംഘിച്ചു കൊണ്ടാണ് സ്വര്‍ണപാളികള്‍ ചെന്നൈയിലേക്ക് കൊടുത്തയച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ചെന്നൈയിലേക്ക് കൊണ്ടുപോയത് വ്യാജ മോള്‍ഡാണെന്നും യഥാര്‍ത്ഥ ദ്വാരപാലക ശില്‍പം ഒരു കോടീശ്വരന് വിറ്റെന്നും അതിന് ദേവസ്വം ബോര്‍ഡും രാഷ്ട്രീയ നേതൃത്വവും കൂട്ടു നിന്നെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രതിയായില്ലേ? മുന്‍ ദേവസ്വം പ്രസിഡന്റ് പദ്മകുമാര്‍ സി.പി.എം എം.എല്‍.എയായിരുന്നു.ശബരിമല അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതിലും ദ്വാരപാലക ശില്‍പം കോടീശ്വരന് വിറ്റതിലും രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ട്. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇതേക്കുറിച്ച് അറിയാം. എങ്ങനെയാണ് ദേവസ്വം മന്ത്രി അറിയാതെ പോകുന്നത്. ദേവസ്വം ബോര്‍ഡ് പ്രതിയായത് സി.പി.എം പ്രതിയാകുന്നതിന് തുല്യമാണ്. മന്ത്രിയെ കൂടി ഉള്‍പ്പെടുത്തിയുള്ള അന്വേഷണം നടത്തണം. വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമെ കൂടുതല്‍ ആളുകള്‍ പ്രതികളാകൂ.
ദ്വാരപാലക ശില്‍പം വിറ്റതും സ്വര്‍ണം കവര്‍ന്നതും മൂടിവച്ചിട്ടാണ് 2025-ല്‍ തിരുവാഭരണം കമ്മിഷണറുടെ കത്ത് ലംഘിച്ച് ദേവസ്വം ബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിളിച്ചു വരുത്തിയത്. എന്നിട്ടാണ് നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിഷ്‌ക്കളങ്കനായി ഭാവിക്കുന്നത്. ചെന്നൈയിലേക്ക് സ്വര്‍ണപാളികള്‍ കൊടുത്തു വിടരുതെന്ന തിരുവാഭരണം കമ്മിഷണറുടെ നിര്‍ദ്ദേശം മറികടന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്തിനാണ് വീണ്ടും ഉണ്ണികൃഷ്ണന്‍ പോറ്റിയെ ക്ഷണിച്ചു വരുത്തി കള്ളന്റെ കയ്യില്‍ താക്കോല്‍ ഏല്‍പിച്ചത്? ഇവരെല്ലാം ഉത്തരവാദികളാണ്. അന്ന് കട്ടത് ആരും അറിയാത്തതു കൊണ്ട് വീണ്ടും കക്കാനുള്ള പ്ലാനായിരുന്നു. അതുകൊണ്ടാണ് മന്ത്രി വി.എന്‍ വാസവന്‍ രാജിവയ്ക്കണമെന്നും ദേവസ്വം ബോര്‍ഡ് പിരിച്ചു വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടത്. പഴയ ദേവസ്വം ബോര്‍ഡിനെ കുറിച്ചും ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡിനെ കുറിച്ചും പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ അടിവരയിടുന്നതാണ് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.
---------------
Hindusthan Samachar / Sreejith S