Enter your Email Address to subscribe to our newsletters
NEW DELHI, 13 ഒക്റ്റോബര്‍ (H.S.)
ഐആര്‍സിടിസി അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി ലാലു പ്രസാദ് യാദവിന് വലിയ തിരിച്ചടി. ലാലുവിന് എതിരെ അഴിമതി, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി കോടതി. ലാലുവിന് പുറമെ മകനും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്, ലാലുവിന്റെ ഭാര്യയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി എന്നിവര്‍ക്കെതിരെയും കുറ്റങ്ങള്‍ ചുമത്തി. ഗൂഢാലോചന, വഞ്ചന എന്നിവയുള്‍പ്പെടെ കുറ്റങ്ങളാണ് തേജസ്വിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ ഉടന്‍ വിചാരണ ആരംഭിക്കുമെന്നും കോടതി അറിയിച്ചു. ബിഹാര്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആര്‍ജെഡി കനത്ത തിരിച്ചടിയാണ് ഡല്‍ഹി കോടതി ഉത്തരവ്. ബിഹാറില്‍ ഇന്ത്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് തേജസ്വി.
ഐആര്‍സിടിസിയുടെ രണ്ട് ഹോട്ടലുകളുടെ പ്രവര്‍ത്തന കരാറുകള്‍ സ്വകാര്യ സ്ഥാപനത്തിന് നല്‍കിയതില്‍ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നത്. 2004നും 2014നും ഇടയിലാണ് കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത്. പുരിയിലെയും റാഞ്ചിയിലെയും ഇന്ത്യന്‍ റെയില്‍വേയുടെ ബിഎന്‍ആര്‍ ഹോട്ടല്‍ ആദ്യം ഐആര്‍സിടിസിക്ക് കൈമാറുകയും പിന്നീട് പ്രവര്‍ത്തനം, അറ്റകുറ്റപ്പണികള്‍, പരിപാലനം എന്നിവയ്ക്കായി ബിഹാറിലെ പട്‌ന ആസ്ഥാനമായുള്ള സുജാത ഹോട്ടല്‍സിന് പാട്ടത്തിന് നല്‍കുകയും ചെയ്തിരുന്നു. ഈ കേസിലാണ് ലാലുവും കുടുംബവും അഴിമതി നടത്തിയതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
ടെന്‍ഡര്‍ നടപടികളില്‍ കൃത്രിമം കാണിച്ചതായും സുജാത ഹോട്ടലുകളെ സഹായിക്കുന്നതിനായി വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തിയതായും സിബിഐ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഐആര്‍സിടിസിയുടെ അന്നത്തെ ഗ്രൂപ്പ് ജനറല്‍ മാനേജര്‍മാരായ വി.കെ അസ്താന, ആര്‍.കെ ഗോയല്‍, സുജാത ഹോട്ടല്‍സിന്റെ ഡയറക്ടര്‍മാരും ചാണക്യ ഹോട്ടല്‍ ഉടമകളുമായ വിജയ് കൊച്ചാര്‍, വിനയ് കൊച്ചാര്‍ എന്നിവരുടെ പേരും കുറ്റപത്രത്തില്‍ ഉണ്ട്.
നവംബര്‍ ആറിനാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് തുടങ്ങുന്നത്. നവംബര്‍ ആറിനാണ് ആദ്യഘട്ട പോളീങ്. രണ്ടാംഘട്ടം 11നും നടക്കും. നവംബര്‍ 14നാണ് വോട്ടെണ്ണല്‍. ബിഹാറില്‍ ആകെ 7.43 കോടി വോട്ടര്‍മാരാണുള്ളത്. പുരുഷന്‍മാര്‍ 3.92 കോടിയും സ്ത്രീകള്‍ 3.50 കോടിയുമാണ്. കേന്ദ്ര സേനയെ അടക്കം വിന്യസിച്ച് കനത്ത സുരക്ഷ ഒരുക്കുമെന്ന് തരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
243 സീറ്റുകളുള്ള നിയസഭയിലേക്ക് എന്‍ഡിഎയും ഇന്ത്യാ സഖ്യവും നേരിട്ട് ഏറ്റുമുട്ടുകയാണ്. ബിജെപി, ജനതാദള്‍ യുനൈറ്റഡ്, ലോക് ജന്‍ശക്തി പാര്‍ട്ടി എന്നിവര്‍ അടങ്ങുന്നതാണ് എന്‍ഡിഎ. ആര്‍ജെഡി, കോണ്‍ഗ്രസ് വിവിധ ഇടതുപാര്‍ട്ടികളുമാണ് ഇന്ത്യാ സഖ്യത്തിലുള്ളത്.
---------------
Hindusthan Samachar / Sreejith S