Enter your Email Address to subscribe to our newsletters
Kerala, 13 ഒക്റ്റോബര്‍ (H.S.)
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു പാര്‍ട്ടി എന്ന നിലയില്‍ സിപിഎം നേരിടുന്ന ഏറ്റവും വലിയ ധാര്‍മ്മികവും രാഷ്ട്രീയവുമായ പ്രതിസന്ധിയാണ് ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണക്കൊള്ള. സ്വര്‍ണം കടത്തിയതിന്റെ പേരില്‍ ഉദ്യോഗസ്ഥ വീഴ്ചയെന്നും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും പങ്കില്ലെന്ന് പറഞ്ഞു നടന്ന സിപിഎമ്മിന് തലമണ്ടയ്ക്ക് കിട്ടിയ അടിയാണ് ബോര്‍ഡിനെ പോലീസ് പ്രതിയാക്കിയത്. സിപിഎം നേതൃത്വം നല്‍കിയ ബോര്‍ഡിന്റെ ഭരണ സമിതിയാണ് പ്രതി പട്ടികയില്‍ പെട്ടിരിക്കുന്നത്.
1964ല്‍ രൂപീകൃതമായ സിപിഎമ്മിന് കഴിഞ്ഞ 61 വര്‍ഷത്തിനിടയില്‍ ഇത്ര ഗുരുതരമായ ആരോപണം നേരിടേണ്ടി വന്നിട്ടില്ല. രാജ്യത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ കട്ടളപ്പാളികളിലേയും ദ്വാരപാലക ശില്‍പങ്ങളിലേയും സ്വര്‍ണപ്പാളികള്‍ അഴിച്ചുമാറ്റി കൊണ്ടുപോയ ഇടനിലക്കാരന് ദേവസ്വം ബോര്‍ഡ് ഒത്താശ ചെയ്തുവെന്ന ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. വിശ്വാസ കേന്ദ്രത്തിന്റെ വിലപിടിപ്പുള്ള സാധന സാമഗ്രികള്‍ പട്ടാപ്പകല്‍ കടത്തിക്കൊണ്ടു പോയ സംഭവത്തെ ന്യായീകരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പാര്‍ട്ടി. പഞ്ചായത്ത് - നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വലിയ തോതില്‍ പ്രചരണായുധമാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
വിശ്വാസ കേന്ദ്രം കൊള്ളയടിച്ചിട്ടും അനങ്ങാതിരുന്ന സിപിഎം നേതാക്കള്‍ ഉള്‍പ്പെടുന്ന ഭരണക്കെതിരെ ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കുന്നതില്‍ ഇടത് മുന്നണി ഒരുപാട് വിയര്‍പ്പ് ഒഴുക്കേണ്ടി വരും. ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസ പ്രശ്‌നങ്ങള്‍ എന്നും ഇടത് മുന്നണിക്ക് നഷ്ടങ്ങളാണ് നല്‍കിയിട്ടുള്ളത്. വീണ്ടും ഒരിക്കല്‍ കൂടി ശബരിമല തിരഞ്ഞെടുപ്പ് വിഷയമാകുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന ആശങ്ക നേതൃത്വത്തെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. പ്രത്യേക സംഘത്തിന്റെ അന്വേഷണം നടക്കട്ടെ എന്നല്ലാതെ സര്‍ക്കാരോ സിപിഎമ്മോ സ്വര്‍ണ കൊള്ളയെക്കുറിച്ച് ഖണ്ഡിതമായ ഒരു നിലപാട് പറഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി ) രംഗത്തെത്തിയതോടെ പാര്‍ട്ടിയും മുന്നണി ഒന്നാകെ കിടുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സിപിഎമ്മിന്റെ മൂന്ന് ദേവസ്വം മന്ത്രിമാരും നാല് പ്രസിഡന്റുമാരും നേതൃത്വത്തിലുണ്ടായിരുന്നു. ഇവരുടെയൊക്കെ ഉത്തരവാദിത്തം കൂടി പരിശോധന വിധേയമായാല്‍ ഏതൊക്കെ തലകള്‍ ഉരുളുമെന്ന് കണ്ടറിയണം.
അത്ര എളുപ്പത്തിലൊന്നും ദേവന്റെ സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ നിന്ന് തലയൂരാന്‍ ആകില്ലെന്ന് രാഷ്ട്രീയ നേതൃത്വത്തിന് നന്നായി അറിയാം. ക്രൈംബ്രാഞ്ച് രണ്ടാമത് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ കട്ടിളപ്പാളി മോഷണത്തില്‍ സിപിഎം നേതാവും ദേവസ്വം മുന്‍ പ്രസിഡന്റുമായ എ പദ്മകുമാര്‍ പ്രതിയായതോടെ പതിവ് 'ക്യാപ്‌സ്യൂളുകള്‍ ' കൊണ്ട് നേരിടാനാവില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഒരു ക്ഷേത്രത്തിന്റെ ദൈനംദിന ആരാധനയുടേയും ആചാരങ്ങളുടേയും ഭാഗമായ വസ്തുവകള്‍ യാതൊരു സുരക്ഷയുമില്ലാതെ അപഹരിച്ചു കൊണ്ടു പോയിട്ടും സിപിഎം നേതൃത്വം അനങ്ങാതിരുന്നു. ഈ ആരോപണങ്ങള്‍ക്ക് തൃപ്തികരമായ മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടക്കുമ്പോള്‍ ദേവസ്വം മന്ത്രിമാരായിരുന്ന കടകംപള്ളി സുരേന്ദ്രന്‍, കെ രാധാകൃഷ്ണന്‍, വിഎന്‍ വാസവന്‍ എന്നിവര്‍ ഫലപ്രദമായ നടപടികള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല ആക്ഷേപം വളരെ സജീവമാണ്. വിശ്വാസികള്‍ കാണിക്കയായി അര്‍പ്പിച്ച വസ്തുവകള്‍ നിര്‍ഭാക്ഷണ്യം ഉദ്യോഗസ്ഥരും ഇടനിലക്കാരും അടിച്ചോണ്ട് പോകുന്നതിനെക്കുറിച്ച് ബോര്‍ഡിനും ദേവസ്വത്തിനും സിപിഎമ്മിനും അറിവില്ലായിരുന്നു എന്ന് പറഞ്ഞൊഴിയാന്‍ കഴിയില്ല.
---------------
Hindusthan Samachar / Sreejith S