Enter your Email Address to subscribe to our newsletters
NEWDELHI, 13 ഒക്റ്റോബര്‍ (H.S.)
ന്യൂഡല്‍ഹി : കരൂരില്‍ ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെ കുടുംബങ്ങളെ വിജയ് ദത്തെടുക്കും. ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജ്മെന്റ് യൂണിറ്റ് ജനറല്‍ സെക്രട്ടറി അധവ് അര്‍ജുനയാണ് ഇക്കാര്യം അറിയിച്ചത്. കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ ഉത്തരവിട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ടിവികെ ഇക്കാര്യം അറിയിച്ചത്. മരിച്ചവരുടെ കുടുംബങ്ങളുടെ വിദ്യാഭ്യാസ, ചികിത്സാ ചെലവുകള്‍ ഉള്‍പ്പെടെ എല്ലാ ചെലവുകളും വിജയ് വഹിക്കുമെന്ന് ടിവികെ വ്യക്തമാക്കി.
''മരിച്ചവരെല്ലാം ഞങ്ങളുടെ കുടുംബത്തില്‍നിന്നുള്ളവരാണ്. അതിനാല്‍ അവരെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. വിജയ് അവരുടെ കുടുംബാംഗങ്ങളില്‍ ഒരാളായിരിക്കും. പൊലീസ് പറഞ്ഞ സ്ഥലത്തു മാത്രമാണ് റാലി നടത്തിയത്. കരൂര്‍ പൊലീസാണ് ഞങ്ങളെ അന്ന് അവിടെ സ്വീകരിച്ചത്. മറ്റെവിടെയും ഞങ്ങളെ സ്വീകരിക്കാത്ത പൊലീസ് എന്തിനാണ് കരൂരില്‍ മാത്രം ഞങ്ങളെ സ്വീകരിച്ചത്? വിജയ് വൈകിയൊന്നുമല്ല അവിടെ എത്തിയത്. അത് തെറ്റായ ആരോപണമാണ്. വിജയ്യുടെ നേതൃപാടവത്തെ മദ്രാസ് ഹൈക്കോടതി ചോദ്യം ചെയ്തത് ഞെട്ടിക്കുന്നതായിരുന്നു. മദ്രാസ് ഹൈക്കോടതി ഉത്തരവ് എത്രത്തോളം തെറ്റാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്'' അധവ് അര്‍ജുന പറഞ്ഞു.
ദുരന്തത്തില്‍ സുപ്രീം കോടതി സിബിഐയെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിജയിയുടെ ടിവികെയുടെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളള്‍ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, എന്‍.വി. അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് സിബിഐക്ക് വിട്ടത്.
ന്യായവും നിഷ്പക്ഷവുമായ അന്വേഷണം പൗരന്മാരുടെ അവകാശമാണെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം നിഷ്പക്ഷമാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് വിദഗ്ധ സമിതിയുടെ മേല്‍നോട്ടവും കോടതി നിര്‍ദേശിച്ചു. റിട്ട. ജഡ്ജി അജയ് രസ്തോഗിക്കൊപ്പം അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും സമിതിയില്‍ അംഗങ്ങളായിരിക്കും.
സിബിഐ അന്വേഷണം എന്ന ടിലികെയുടെ ആവശ്യത്തെ തമിഴ്നാട് സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. നല്ല രീതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സ്റ്റാലിന്‍ സര്‍ക്കാര്‍ നിലപാട് എടുത്തു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ദുരത്തിന് പിന്നാലെ ടിവികെയെയും വിജയ്യെയും മദ്രാസ് ഹൈക്കോടതി അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. മനുഷ്യ നിര്‍മിത ദുരന്തമാണുണ്ടായത്. അപകടമുണ്ടായപ്പോള്‍ സംഘാടകരും നേതാക്കളും അനുയായികളെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. വിജയ്യിന് നേതൃപാടവമില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഈ വിമര്‍ശനം അതിരു കടന്നതാണെന്ന് ടിവികെയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് പോലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പിന്മാറിയതെന്നും അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. വിജയ്ക്ക് ആശ്വാസമാകുന്ന വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S