കൊല്ലത്ത് 62കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം; ഇന്നലെ മാത്രം 4 പേര്‍ക്ക് രോഗബാധ
Kollam, 13 ഒക്റ്റോബര്‍ (H.S.) കൊല്ലത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കടയ്ക്കൽ സ്വദേശിനിയായ 62 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്
amoebic meningoencephalitis


Kollam, 13 ഒക്റ്റോബര്‍ (H.S.)

കൊല്ലത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കടയ്ക്കൽ സ്വദേശിനിയായ 62 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ആരോഗ്യാവസ്ഥ മോശമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗ ബാധ കണ്ടെത്തിയത്. നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞ 3 ദിവസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം മൂർച്ഛിച്ച് മരിച്ച രണ്ടു പേരും കൊല്ലം സ്വദേശികളാണ്. അതിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരെക്കുറിച്ചുള്ള കണക്ക് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഇന്നലെ മാത്രം 4 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 20 പേര്‍ക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്നും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിയാണ് മരിച്ചത്. ഇതോടെ ഈ മാസം മാത്രം നാലുപേരാണ് രോഗം ബാധിച്ച് മരിച്ചത്. രണ്ട് കുട്ടികള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും കാസര്‍കോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പാലക്കാട് കൊടുമ്പ് പഞ്ചായത്തില്‍ 62 കാരനായ ഒരാള്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഒക്ടോബര്‍ അഞ്ചിന് ചികിത്സ തേടി ഇദ്ദേഹം കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊടുവായൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും എത്തി. പിന്നാലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആറാം തീയതി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗ സൂചന ലഭിച്ചത്. എട്ടാം തീയതി രോഗ സ്ഥിരീകരിച്ചതോടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിലവില്‍ രോഗി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനായി പ്രദേശത്തെ അഞ്ച് ജലസ്രോതസുകളിലെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ പരിശോധനയും തുടരുന്നു.

എന്താണ് അമീബിക് മസ്തിഷ്‌കജ്വരം?

തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വവും എന്നാല്‍ ഗുരുതരവുമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്‌കജ്വരം. ജലത്തില്‍ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി എന്ന അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. മലിനമായ കുളങ്ങളിലോ, പുഴകളിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോള്‍ ഈ അമീബ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്നു. ഇത് പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു.

പ്രതിരോധ മാര്‍ഗങ്ങള്‍

· നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നത്, മുങ്ങുന്നത് എന്നിവ ഒഴിവാക്കുക.

· നീന്തുമ്പോള്‍ അല്ലെങ്കില്‍ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളില്‍, നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കില്‍ മൂക്ക് വിരലുകളാല്‍ മൂടുക.

· ശുദ്ധീകരിക്കാത്ത ജലാശയങ്ങളില്‍ നീന്തുമ്പോള്‍ തല വെള്ളത്തിന് മുകളില്‍ സൂക്ഷിക്കുക.

· ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, ചെളി /അടിത്തട്ട് കുഴിക്കുന്നത്/ കലക്കുന്നത് എന്നിവ ഒഴിവാക്കുക.

· നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, സ്പാകള്‍ എന്നിവ ശുചിത്വത്തോടെ ക്ലോറിനേഷന്‍ ചെയ്ത്, ശരിയായ രീതിയില്‍ പരിപാലിക്കണം.

· സ്പ്രിങ്കളറുകള്‍, ഹോസുകള്‍ എന്നിവയില്‍ നിന്നും വെള്ളം മൂക്കിനുള്ളില്‍ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക.

· തിളപ്പിച്ച് ശുദ്ധി വരുത്താത്ത വെള്ളം ഒരു കാരണവശാലും കുട്ടികളുടേയോ മുതിര്‍ന്നവരുടേയോ മൂക്കില്‍ ഒഴിക്കരുത്.

· ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോള്‍/ മുഖം കഴുകുമ്പോള്‍ വെള്ളം മൂക്കിനുള്ളിലേക്ക് പോകാതെ സൂക്ഷിക്കുക.

· ജലാശയങ്ങള്‍ മലിനമാകാതെ സൂക്ഷിക്കുക

· പൊതു ജലാശയങ്ങളിലേക്ക് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ഒഴുക്കരുത്.

· ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ജല സംഭരണികളും, വലിയ ടാങ്കുകളും മൂന്ന് മാസം കൂടുമ്പോള്‍ നല്ലത് പോലെ തേച്ച് വൃത്തിയാക്കണം.

---------------

Hindusthan Samachar / Sreejith S


Latest News