Enter your Email Address to subscribe to our newsletters
Kochi, 13 ഒക്റ്റോബര്‍ (H.S.)
കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമന്‍സ് അയച്ചത് എസ്എന്‍സി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട്. ലാവ്ലിന്‍ കമ്പനി ഡയറക്ടറായിരുന്ന ദിലീപ് രാഹുലന്‍ മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന്റെ വിദ്യാഭ്യാസ ചെലവിനായി പണം നല്‍കി എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇ.ഡി. സമന്‍സ് അയച്ചത്. ലാവ്ലിനില്‍ നിന്ന് വിദ്യാഭ്യാസത്തിനായി പണം ഈടാക്കി എന്നതാണ് ഈ സമന്‍സില്‍ പ്രധാനമായും പറയുന്നത്. 2023 ഫെബ്രുവരി 14-ന് രാവിലെ 10:30-ന് ഇ.ഡി.യുടെ കൊച്ചി ഓഫീസില്‍ വിവേക് കിരണ്‍ ഹാജരാകണം എന്നായിരുന്നു ഇ.ഡി. സമന്‍സിലെ ആവശ്യം.
എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിലാണ് (ഇ.സി.ഐ.ആര്‍.) ഈ കാര്യങ്ങള്‍ ഇ.ഡി. വ്യക്തമാക്കുന്നത്. 2020-ല്‍ ആണ് എസ്എന്‍സി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് ഇ.ഡി, ഇ.സി.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പി.എം.എല്‍.എ) പ്രകാരമാണ് നടപടിയെടുത്തത്.
ലാവ്ലിന്‍ കമ്പനിയുടെ മുന്‍ ഡയറക്ടറായിരുന്നു ദിലീപ് രാഹുലന്‍. ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും പണം നല്‍കിക്കൊണ്ട് തന്റെയും സ്ഥാപനത്തിന്റെയും ഇംഗിതത്തിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യിപ്പിക്കുക എന്നതായിരുന്നു ദിലീപ് രാഹുലിന്റെ നയം എന്ന് മൊഴിയുള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു. ദിലീപ് രാഹുലന്‍ ഈ രീതിയില്‍ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയന് 1995-ല്‍ വലിയ തുക നല്‍കി. അതിനുശേഷം 1996-ല്‍ ശ്രീ പിണറായി വിജയന് വലിയ തുകകള്‍ നല്‍കി. ഏറ്റവും പ്രധാനമായി, ദിലീപ് രാഹുലന്‍ പിണറായി വിജയന്റെ മകന്റെ യുകെയിലെ വിദ്യാഭ്യാസത്തിനായി വലിയ തുക ചെലവഴിച്ചു എന്ന ഒരു മൊഴിയും ഇ.സി.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ മൊഴിയിലെ വിവരങ്ങള്‍ ക്രോസ് ചെക്ക് ചെയ്യുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശേഖരിക്കുന്നതിനും വേണ്ടിയായിരുന്നു വിവേക് കിരണിന് ഇഡി സമന്‍സ് അയച്ചത്. എന്നാല്‍ ഈ സമന്‍സില്‍ പിന്നീട് തുടര്‍ നടപടികള്‍ ഉണ്ടായില്ല. സമന്‍സ് അനുസരിച്ച് ഇ.ഡി. ഓഫീസില്‍ വിവേക് കിരണ്‍ ഹാജരായില്ല എന്നാണ് വിവരം. ഈ സമന്‍സിന്റെ ഭാഗമായി ഹാജരാകുകയോ മറ്റ് നടപടികള്‍ എടുക്കുകയോ ചെയ്തിട്ടില്ല. സമന്‍സ് അയച്ച് ഏകദേശം രണ്ടു വര്‍ഷം പിന്നിടുമ്പോഴും ഈ കേസില്‍ പിന്നീട് കാര്യമായ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. ആദ്യം അയച്ച നോട്ടീസ് കൈപ്പറ്റിയില്ല, അത് മടങ്ങി എന്നും വിവരമുണ്ട്. ഒന്നിലധികം തവണ നോട്ടീസ് നല്‍കി പല കേസുകളിലും ഇ.ഡി. ഇടപെടാറുണ്ടെങ്കിലും, ഈ വിഷയത്തില്‍ എന്തുകൊണ്ട് ഒരു നോട്ടീസില്‍ അന്വേഷണം അവസാനിപ്പിച്ചു എന്നതിന് ഇ.ഡി. വൃത്തങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല.
എസ്എന്‍സി ലാവ്ലിന്‍ കേസ് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്തത് 2007-ലാണ്. 2009-ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കിയാണ് കുറ്റപത്രം നല്‍കിയത്. എന്നാല്‍, പിണറായി വിജയന്‍ വിടുതല്‍ ഹര്‍ജിയിലൂടെ കുറ്റവിമുക്തനാക്കപ്പെട്ടു. ഈ വിധി ഹൈക്കോടതിയും അംഗീകരിച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സി.ബി.ഐ. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. സി.ബി.ഐയുടെ നടപടികള്‍ക്ക് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 2020-ല്‍ ഇ.ഡി. ലാവ്‌ലിന്‍ കേസില്‍ ഇ.സി.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.
---------------
Hindusthan Samachar / Sreejith S