Enter your Email Address to subscribe to our newsletters
Thiruvanathapuram, 13 ഒക്റ്റോബര്‍ (H.S.)
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ വ്യാപകമായി ഇരട്ടവോട്ടുകൾ ഉൾപ്പെട്ടതിനെതിരെ കെ . മുരളീധരന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് നേതാക്കളുടെ പ്രതിനിധി സംഘം ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് രേഖാമൂലം പരാതിനൽകി . ഇലക്ഷൻ കമ്മീഷൻ തിരഞ്ഞെടുപ്പ് പട്ടികയിൽ നിന്നും വോട്ടർ ഐഡി നമ്പർ ഒഴിവാക്കി .പകരം പുതുതായി കൊണ്ടുവന്ന SEC നമ്പർ മുഖാന്തിരം ഇത്തരം ഇരട്ട വോട്ടുകൾ കണ്ടെത്തുക എന്നത് തികച്ചും അപ്രായോഗികമാണെന്ന് നേതാക്കൾ തിരഞ്ഞെടുപ്പ് ചീഫ് കമ്മീഷണർ എ . ഷാജഹാനെ ബോധ്യപ്പെടുത്തി .
SEC നമ്പർ അവസാന നിമിഷം പ്രഖ്യാപിച്ചതുമൂലം വോട്ടർമാർക്കിടയിലും, രഷ്ട്രീയ പാർട്ടികൾക്കിടയിലും വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരം നടപടികൾ കള്ളവോട്ടിനെ പ്രോത്സാഹിപ്പിക്കുമെന്നും പുതിയ പട്ടികയിൽ നിന്നും അപ്രത്യക്ഷമായ വോട്ടർ ഐഡി നമ്പർ കൂടി പട്ടികയിൽ പുന:സ്ഥാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വോട്ടർ പട്ടികയിലെ അപാകതകൾ പരിഹരിക്കാൻ തങ്ങൾ പരിശ്രമിക്കുകയാണെന്നും അതിനായി നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ കോൺഗ്രസ്സ് നേതാക്കളുടെ പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകി. പാർട്ടി ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇത്തരത്തിൽ ഒരു നടപടിയിലേക്ക് പോകാൻ ഇലക്ഷൻ കംമ്മീഷനെ പ്രേരിപ്പിക്കുന്നതെന്ന് നേതാക്കൾ അറിയിച്ചു.
അന്തിമ വോട്ടർ പട്ടിക പുറത്തിറങ്ങുമ്പോൾ തങ്ങൾ ഉന്നയിച്ച അപാകതകൾ പൂർണ്ണമായി പരിഹരിച്ചില്ലെങ്കിൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കെ . മുരളീധരന്റെ നേതൃത്വത്തിൽ ഉള്ള സംഘം സംസ്ഥാന ഇലക്ഷൻ കമ്മീഷനെ അറിയിച്ചു.
കെ. മുരളീധരനൊപ്പം ഡി.സി.സി പ്രസിഡന്റ എൻ . ശക്തൻ, പി . കെ വേണുഗോപാൽ, അഡ്വ . കെ .എസ് . ശബരിനാഥൻ, വിനോദ് യേശുദാസ്, കൈമനം പ്രഭാകരൻ, ദീപു കരുണാകരൻ തുടങ്ങിയവർ കോൺഗ്രസ്സ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.
---------------
Hindusthan Samachar / Sreejith S