Enter your Email Address to subscribe to our newsletters
Thiruvanathapuram, 13 ഒക്റ്റോബര്‍ (H.S.)
ഓൺലൈൻ ഷെയർ ട്രേഡിങിന്റെ പേരിൽ ആലപ്പുഴ കണ്ടല്ലൂർ സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ പ്രതി റിമാൻഡിലായി.
പരാതിക്കാരനിൽ നിന്നും തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുവാങ്ങിയ പണം ചെക്ക് വഴി പിൻവലിച്ച മലപ്പുറം കൊണ്ടോട്ടി മൊറയൂർ പി ഓ യിൽ ചൂലൻതൊടി വീട്ടിൽ ഹാറൂൺ സക്കറിയ മകൻ മുഷ്‌താഖ് ബക്കീർ (29 വയസ്സ്) എന്നയാളെയാണ് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
തട്ടിപ്പുകാർ പരാതിക്കാരനെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് സ്വകാര്യ ഷെയർ ട്രേഡിങ്ങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി വ്യാജ ഷെയർ ട്രേഡിങ്ങ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ഇതിൽ പരാതിക്കാരനെകൊണ്ട് അക്കൗണ്ട് ക്രിയേറ്റ് ചെയ്യിപ്പിക്കുകയും തുടർന്ന് ഈ വ്യാജ ആപ്പിലൂടെ പ്രതികൾ നിർദ്ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരൻ പണമയച്ചു കൊടുക്കുകയും ചെയ്തു. രണ്ടു മാസത്തിനിടയിൽ ഇത്തരത്തിൽ 25.5 ലക്ഷം രൂപയാണ് പരാതിക്കാരൻ പ്രതികൾക്ക് അയച്ചുകൊടുത്തത്.
എന്നാൽ അയച്ചുകൊടുത്ത പണം വ്യാജ ആപ്പിലെ പരാതിക്കാരന്റെ അക്കൗണ്ടിൽ കാണിക്കാതെ വന്നപ്പോൾ പരാതിക്കാരൻ ഇതേക്കുറിച്ചു അന്വേഷിക്കുകയും ഇനിയും 28 ലക്ഷം രൂപ കൂടി അയച്ചു തന്നാൽ മുഴുവൻ പണവും ഇരട്ടിയായി തിരികെ നൽകാമെന്ന് തട്ടിപ്പുകാർ അറിയിക്കുകയും ചെയ്തതോടെയാണ് പരാതിക്കാരന് ഇത് തട്ടിപ്പാണെന്ന് മനസിലായത്.
തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകുകയും ഇതിന്റെ അടിസ്‌ഥാനത്തിൽ ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
തുടർന്നുള്ള അന്വേഷണത്തിൽ പരാതിക്കാരന് നഷ്‌ടമായ പണം അറസ്റ്റിലായ പ്രതി തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു വാങ്ങിയ ശേഷം ചെക്ക് ഉപയോഗിച്ച് പിൻവലിച്ചതായി കണ്ടെത്തി.
തുടർന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ്, സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജ്ജിന്റ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞ ആഗസ്ത് മാസം പ്രതിയെ അന്വേഷിച്ചു മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി എന്ന സ്‌ഥലത്തെത്തിയിരുന്നുവെങ്കിലും ആ സമയം പ്രതി ഫോൺ സ്വിച്ച്ഓഫ് ചെയ്തു ബാംഗ്ലൂരിൽ ഒളിവിൽ താമസിക്കുന്നതായാണ് വിവരം ലഭിച്ചത്.
തുടർന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എസ് വി ഷൈജുലാലിന്റെ നേതൃത്വത്തിൽ പോലീസ് മലപ്പുറം ജില്ലയിലെത്തി പ്രതിയെ നിരീക്ഷിച്ചു വരികയുമായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതി സമാനമായ നിരവധി കേസുകളിലും പ്രതിയാണെന്നും, സമാനമായ കേസിൽ തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പോലീസ് ഇയാൾക്കെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതിന്റെ ഫലമായി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും പ്രതിയെ പിടികൂടിയതായും വിവരം ലഭിക്കുകയും തിരുവന്തപുരം ജില്ലാ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചിരുന്ന പ്രതിയെ ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജ്ജ് സമർപ്പിച്ച അപേക്ഷ പ്രകാരം ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു.
ആലപ്പുഴ സൈബർ ക്രൈം പോലീസ്, സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ശരത്ചന്ദ്രൻ വി എസ്, ഷൈജുലാൽ എസ്. വി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അജയകുമാർ എം, സിപിഒമാരായ അഖിൽ ആർ, അജിത് എ എം എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.
തമിഴ്നാട് പുഴൽ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഈ കേസിലെ മറ്റൊരു പ്രതിയായ തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ സത്യനാരായണൻ എന്നയാളെ പ്രൊഡക്ഷൻ വാറന്റ് മുഖേന ഉടൻ ആലപ്പുഴ ചീഫ് ജുഡീഷ്യൽ കോടതി മുൻപാകെ ഹാജരാക്കുമെന്നും, ഈ കേസിലേക്ക് IP അഡ്രസ്സുകൾ കേന്ദ്രീകരിച്ചും ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിച്ചും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ആലപ്പുഴ സൈബർ ക്രൈം പോലീസ് അറിയിച്ചു.
---------------
Hindusthan Samachar / Sreejith S