Enter your Email Address to subscribe to our newsletters
Kerala, 13 ഒക്റ്റോബര്‍ (H.S.)
ലൈംഗികാരോപണത്തില്‍ കുരുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് സജീവമാകുന്നു. ആരോപണം ഉയര്‍ന്നതോടെ അടൂരിലെ വീട്ടില്‍ ഒതുങ്ങി ഇരുന്ന രാഹുല്‍ മരണ വീടുകള്‍ സന്ദര്‍ശിച്ച് പാലക്കാട് രംഗത്ത് എത്തിയിരുന്നു. പിന്നാലെ രാത്രിയില്‍ ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്തും പ്രവര്‍ത്തനം തുടങ്ങിയിരുന്നു. രാഹുല്‍ മആങ്കൂട്ടത്തില്‍ പൊതുപരിപാടികളില്‍ പങ്കെടുത്താല്‍ തടയുമെന്ന് ബിജെപിയും സിപിഎമ്മും പ്രഖ്യാപിച്ചിട്ടുണ്ട്. അവരെ കൂടി വെല്ലുവിളിച്ച് ഇന്ന പിരായിരിയിലെ റോഡ് ഉദ്ഘാടനത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തും.
തടയുമെന്ന് പറഞ്ഞവര്‍ കൂടി അറിയാനായി ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചാണ് എംഎല്‍എ എത്തുന്നത്. പിരായിരി ആറാം വാര്‍ഡ് മുസ്ലീം ലീഗ് കമ്മിറ്റിയാണ് ഫ്‌ലക്‌സ് സ്ഥാപിച്ചത്. ഒന്നര മാസത്തിനുശേഷമാണ് രാഹുലിന്റെ പേരില്‍ ഇത്തരത്തിലൊരു ബോര്‍ഡ് മണ്ഡലത്തില്‍ ഉയരുന്നത്. പിരായിരി പഞ്ചായത്തിലെ പൂളിക്കുന്നം കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനമാണ് വൈകിട്ട് നടക്കുന്നത്. എംഎല്‍എ പങ്കെടുത്താല്‍ തടയുമെന്ന് ബിജെപിയും ഡിവൈഎഫ്‌ഐയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ പാലക്കാട് പള്‍സ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നതിന്റെ ഉദ്ഘാടനം രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് ആരേയും അറിയിക്കാതെയാണ് നടന്നത്. എംഎല്‍എ വരുന്ന വിവരം അവസാന നിമിഷമാണ് ആളുകളെ അറിയിച്ചത്. എന്നാല്‍ ഒരുപടി കൂടി കടന്ന് എല്ലാവരേയും ബോര്‍ഡ് വച്ച് അറിയിച്ച് ഒരു റീ എന്‍ട്രിക്കാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ശ്രമിക്കുന്നത്.
---------------
Hindusthan Samachar / Sreejith S