എയര്‍ ഹോണ്‍ പിടിക്കാന്‍ 19 വരെ സ്‌പെഷ്യല്‍ ഡ്രൈവ്; കടുത്ത നടപടിയുമായി മന്ത്രി ഗണേഷ് കുമാര്‍
Thiruvananthapuram, 14 ഒക്റ്റോബര്‍ (H.S.) വാഹനങ്ങളില്‍ എയര്‍ഹോണ്‍ ഉപയോഗം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. വാഹനങ്ങളിലെ എയര്‍ഹോണ്‍ പിടിച്ചെടുക്കുന്നതിനായി സ്പെഷ്യല്‍ ഡ്രൈവിന് മന്ത്രി നിര്‍ദേശം
K B Ganesh Kumar


Thiruvananthapuram, 14 ഒക്റ്റോബര്‍ (H.S.)

വാഹനങ്ങളില്‍ എയര്‍ഹോണ്‍ ഉപയോഗം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍.

വാഹനങ്ങളിലെ എയര്‍ഹോണ്‍ പിടിച്ചെടുക്കുന്നതിനായി സ്പെഷ്യല്‍ ഡ്രൈവിന് മന്ത്രി നിര്‍ദേശം നല്‍കി. ഈ മാസം 13 മുതല്‍ 19 വരെയാണ് സ്പെഷ്യല്‍ ഡ്രൈവ് നടക്കുക.

പിടിച്ചെടുക്കുന്ന എയര്‍ഹോണ്‍ മാധ്യമങ്ങളുടെ മുന്നിലെത്തിക്കണം. ഇവ പ്രദര്‍ശിപ്പിക്കണം. റോഡ് റോളര്‍ ഉപയോഗിച്ച്‌ എയര്‍ഹോണുകള്‍ നശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞദിവസം കോതമംഗലം കെഎസ്‌ആര്‍ടിസി ബസ് ടെര്‍മിനല്‍ ഉദ്ഘാടനത്തിനിടെ സ്വകാര്യ ബസ് വേഗത്തില്‍ ഹോണടിച്ചെത്തിയ സംഭവത്തില്‍ മന്ത്രി നടപടിയെടുത്തിരുന്നു.

ടെര്‍മിനല്‍ ഉദ്ഘാടനത്തിനിടെ നിറയെ ആളുകളുമായി സ്വകാര്യ ബസ് എയര്‍ഹോണ്‍ മുഴക്കിയെത്തുകയായിരുന്നു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ആര്‍ടിഒയ്ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. നിയമ ലംഘനങ്ങള്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

'ബഹുമാനപ്പെട്ട എംഎല്‍എ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. ഫയര്‍ എന്‍ജിന്‍ വരുവാണെന്നാ അദ്ദേഹം വിചാരിച്ചത്. ഞാനും പേടിച്ചുപോയി. നിറയെ ആളെയും കൊണ്ട് റോക്കറ്റ് പോവുന്ന സ്പീഡിലാ പോയത്. ബസ് സ്റ്റാന്‍ഡിനകത്ത് ഇത്രയും ഹോണടിക്കേണ്ട ആവശ്യമെന്താണ്' - പരിപാടിക്കിടെ മന്ത്രി ചോദിച്ചു.

നേരത്തെ കെ.എസ്.ആർ.ടി.സി ബസിന്റെ ഡാഷ് ബോർഡില്‍ കുപ്പികള്‍ കൂട്ടിയിട്ടതിന് മന്ത്രി ബസ് നിറുത്തിച്ച്‌ ജീവനക്കാരെ ശകാരിക്കുകയും ഡ്രൈവർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. പൊൻകുന്നം യൂണിറ്റിലെ ഡ്രൈവർ സജീവ് കെ.എസിനെ നടപടിയുടെ ഭാഗമായി തൃശൂർ യൂണിറ്റിലേക്ക് സ്ഥലം മാറ്റുകയാണുണ്ടായത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News