Enter your Email Address to subscribe to our newsletters
Pathanamthitta, 14 ഒക്റ്റോബര്‍ (H.S.)
2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌പെഷ്യാലിറ്റി ചികിത്സകള്‍ വികേന്ദ്രീകരിക്കും. അടിസ്ഥാന സൗകര്യ വികസനം കൂടുതല്‍ മെച്ചപ്പെടുത്തും. ട്രോമാ കെയര്‍, എമര്‍ജന്‍സി സംവിധാനം എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തും. ആരോഗ്യ സേവനങ്ങളില്‍ തുല്യത ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 'വിഷന്‍ 2031' ആരോഗ്യ സെമിനാറില്‍ 'കേരളത്തിൻ്റെ ആരോഗ്യ മേഖല വിഷന്‍ 2031' നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോര്‍ജ്.
വിവിധ സ്‌കീമുകളെ ഏകോപിപ്പിച്ചാണ് സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. ഈ പദ്ധതി വഴി 42.2 ലക്ഷം കുടുംബങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നു. കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയും നിലവിലുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി 5 ലക്ഷം രൂപയാണ് ഒരു കുടുംബത്തിന് ചികിത്സ നല്‍കുന്നത്. കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കാനും ലക്ഷ്യമിടുന്നു.
രോഗാതുരത കുറയ്ക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുന്നതിനായി ഹെല്‍ത്തി ലൈഫ് ക്യാമ്പയിന്‍ നടപ്പിലാക്കുന്നു. ആയുഷ് വകുപ്പിന് കീഴില്‍ 10,000 യോഗ ക്ലബ്ബുകള്‍ ആവിഷ്‌ക്കരിച്ചു. സ്‌കൂള്‍ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കും. മാനസികാരോഗ്യം ഉറപ്പാക്കാനായി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും.
ജീവിതശൈലീ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ ആവിഷ്‌ക്കരിച്ചു. 30 വയസിന് മുകളിലുള്ളവര്‍ക്ക് വീട്ടിലെത്തി ജീവിതശൈലീ രോഗ സ്‌ക്രീനിംഗ് നടത്തി ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കി. കാന്‍സര്‍ പ്രതിരോധത്തിനായി 'ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം' ജനകീയ ക്യാംപെയ്ന്‍ ആവിഷ്‌ക്കരിച്ചു. ഇതുവരെ 20 ലക്ഷത്തിലധികം പേരെ സ്‌ക്രീനിംഗ് നടത്തി. അത്യാധുനിക കാന്‍സര്‍ ചികിത്സാ സംവിധാനങ്ങള്‍ നടപ്പിലാക്കി.
പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വളരെ പ്രാധാന്യം നല്‍കുന്നു. ആരോഗ്യ മേഖല പുതിയ വെല്ലുവിളികളാണ് നേരിടുന്നത്. വര്‍ധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങള്‍, അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുകയും പ്രധാനമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി എപ്പിഡമിക് ഇൻ്റലിജന്‍സ് സംവിധാനം വികസിപ്പിക്കും. പ്രാദേശിക അടിസ്ഥാനത്തില്‍ മൈക്രോപ്ലാനുകള്‍ തയ്യാറാക്കി പ്രതിരോധം ശക്തിപ്പെടുത്തുന്നു.
മെഡിക്കല്‍ കോളേജുകളെ പൂര്‍ണമായും ടെര്‍ഷ്യറി കെയറുകളാക്കും. ചികിത്സാ മേഖലയിലെന്ന പോലെ അക്കാഡമിക് രംഗത്തും മുന്നേറ്റം നടത്തും. ആയുര്‍വേദ രംഗത്ത് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം വലിയ മുന്നേറ്റമുണ്ടാക്കും. കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. അതിനായുള്ള പ്രവർനങ്ങളാണ് നടത്തുന്നത്. എഎംആര്‍ പ്രതിരോധത്തില്‍ രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ശാസ്ത്രീയമല്ലാത്ത തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
'ആരോഗ്യ രംഗത്തെ കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങള്‍' ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ അവതരിപ്പിച്ചു. പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. പി.കെ. ജമീല, എസ്.എച്ച്.എ. എക്സി. ഡയറക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോര്‍ജ് എബ്രഹം, ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷീബ ജോര്‍ജ്, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. സജിത് ബാബു, ഔഷധി ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ്, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ കെ.എസ്. പ്രിയ, ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. എം.പി. ബീന, ഹോമിയോപ്പതി പ്രിന്‍സിപ്പല്‍ ആൻ്റ് കണ്‍ട്രോളിംഗ് ഓഫീസര്‍ ഡോ. ടി.കെ. വിജയന്‍, ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡോ. സുജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR