Enter your Email Address to subscribe to our newsletters
Pathanamthitta, 14 ഒക്റ്റോബര്‍ (H.S.)
ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യയില്‍ ആചാരലംഘനമുണ്ടായിട്ടില്ലെന്ന് സിപിഐഎം. അഷ്ടമിരോഹിണി വള്ള സദ്യയില്‍ ആചാരം ലംഘിച്ച് മന്ത്രിക്ക് സദ്യ വിളമ്പി ആചാരം ലംഘിച്ചുവെന്ന ആരോപണത്തിനാണ് സിപിഐഎമ്മിന്റെ മറുപടി.
ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷമാണ് മന്ത്രിയും വിശിഷ്ടാതിഥികളും സദ്യ ഉണ്ണാന്‍ ഇരുന്നത്. ഭഗവാന് നേദിക്കുന്നതിന് മുന്‍പ് മന്ത്രിക്ക് സദ്യ വിളമ്പി എന്ന് പ്രചരിപ്പിച്ചത് ചില സംഘപരിവാര്‍ മാധ്യമങ്ങളാണെന്നും സിപിഐഎം പത്തനംതിട്ട പേജില്‍ വന്ന വിശദീകരണത്തില്‍ പറയുന്നു.
ക്ഷേത്രാചാരങ്ങളെ സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ പെരുകുകയാണെന്നും ഭക്തരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സിപിഐഎം പറയുന്നു. 11.20 ഓടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയായത്. 11.45 നാണ് മന്ത്രിയും വിശിഷ്ടാതിഥികളും സദ്യയുണ്ണാനിരുന്നത്. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവന്റെയും മുഴുവന്‍ കമ്മിറ്റിയംഗങ്ങളുടെയും പൂര്‍ണ്ണമായ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രി ഓരോ ചടങ്ങിലും പങ്കെടുത്തത്. ആരോപണം വന്നപ്പോള്‍ തന്നെ സാംബദേവന്‍ മാധ്യമങ്ങളോട് വസ്തുതകള്‍ വിശദീകരിച്ചതുമാണ്.
ഭഗവാന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ ഭഗവാന്‍ ഒരിക്കലും പൊറുക്കില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒരു പച്ചക്കള്ളം കൂടി പൊളിച്ചടുക്കുന്നു
ക്ഷേത്രാചാരങ്ങളെ സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ പെരുകുകയാണ്
അഷ്ടമിരോഹിണി വള്ള സദ്യയില്‍ ആചാരം ലംഘിച്ച് മന്ത്രിക്ക് സദ്യ വിളമ്പി എന്നാണ് പുതിയ ആരോപണം.
ശബരിമല സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും പ്രതിക്കൂട്ടിലാക്കാന്‍ നോക്കി പരാജയപ്പെട്ടപ്പോഴാണ് പുതിയ ശ്രമം.
മുഖ്യാതിഥിയായ ദേവസ്വം മന്ത്രിയടക്കം വിശിഷ്ടാതിഥികള്‍ രാവിലെ പത്തരയോടെ ക്ഷേത്രത്തില്‍ എത്തി.
11നാണ് ചടങ്ങ് തുടങ്ങുക എന്ന് ഭാരാവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ദേവസ്വം ഓഫീസില്‍ വിശ്രമിച്ചു.
തുടര്‍ന്ന് 11 മണിയോടെ കൊടിമരച്ചുവട്ടില്‍ എത്തി. 11.5 ന് അവിടെ വിഭവങ്ങള്‍ വിളമ്പി വള്ളസദ്യക്ക് തുടക്കം കുറിച്ചു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവന്‍ ഉള്‍പ്പെടെ ഭാരവാഹികള്‍ സന്നിഹിതരായിരുന്നു.
തുടര്‍ന്ന് മേല്‍ശാന്തി ശ്രീകോവിലിനുള്ളില്‍ ഭഗവാന് സദ്യ നേദിച്ചു.
11.20ന് ആ ചടങ്ങുകള്‍ പൂര്‍ത്തിയായി.
തുടര്‍ന്ന് മന്ത്രിയും പള്ളിയോട സേവാസംഘം ഭാരവാഹികളും വള്ളക്കടവിലെത്തി.
പള്ളിയോടങ്ങള്‍ തുഴഞ്ഞെത്തിയ കരക്കാരെ ആചാരപരമായി വെറ്റില പുകയില നല്‍കി വരവേറ്റ് ക്ഷേത്രത്തിലേക്ക് ആനയിച്ചു.
11.45 നാണ് മന്ത്രിയും വിശിഷ്ടാതിഥികളും സദ്യയുണ്ണാനിരുന്നത്.
വസ്തുത ഇതായിരിക്കെ ഭഗവാന് നേദിക്കുന്നതിന് മുമ്പ് മന്ത്രിക്ക് സദ്യവിളമ്പിയെന്ന് ചില സംഘപരിവാര്‍ മാധ്യമങ്ങളാണ് പ്രചരിപ്പിച്ചത്.
അത് ഏറ്റെടുത്ത് ഭക്തരെ തെറ്റിദ്ധരിപ്പിക്കാനാണ് ചിലരുടെ ശ്രമം.
പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവന്റെയും മുഴുവന്‍ കമ്മിറ്റിയംഗങ്ങളുടെയും പൂര്‍ണ്ണമായ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രി ഓരോ ചടങ്ങിലും പങ്കെടുത്തത്.
ആരോപണം വന്നപ്പോള്‍ തന്നെ കെ വി സാംബദേവന്‍ മാധ്യമങ്ങളോട് വസ്തുതകള്‍ വിശദീകരിച്ചതുമാണ്.
ഭഗവാന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ ഭഗവാന്‍ ഒരിക്കലും പൊറുക്കില്ലെന്ന് ഓര്‍ക്കുന്നത് നന്ന്.
ദേവന് നേദിക്കുന്നതിനു മുമ്പ് മന്ത്രി പി. പ്രസാദിനും വി.എന്‍. വാസവനും വള്ളസദ്യ നല്‍കിയെന്നായിരുന്നു ആരോപണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR