Enter your Email Address to subscribe to our newsletters
Kochi, 14 ഒക്റ്റോബര്‍ (H.S.)
ഓപ്പറേഷൻ നംഖോർ വഴി പിടിച്ചെടുത്ത വാഹനം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുല്‍ഖർ സല്‍മാൻ നല്‍കിയ അപേക്ഷയില്‍ വിശദമായ പരിശോധനയിലേക്ക് കടന്ന് കസ്റ്റംസ്.
വാഹനം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതിന്റെ രേഖകളാണ് പരിശോധിക്കുന്നത്. അതിന് ശേഷമാകും വാഹനം വിട്ടു നല്‍കുന്നതില്‍ അന്തിമ തീരുമാനമെടുക്കുക. ഹൈക്കോടതി ഇടപെടലിന് പിന്നാലെയാണ് ദുല്‍ഖർ സല്‍മാൻ കസ്റ്റംസിന് അപേക്ഷ സമർപ്പിച്ചത്.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് വാഹനങ്ങള്‍ വിട്ടുകിട്ടുന്നതിനായി കസ്റ്റംസിന് അപേക്ഷ നല്‍കിയിരിക്കുന്നത്. ലാന്‍ഡ് റോവര്‍ പിടിച്ചെടുത്ത നടപടിക്കെതിരേയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ദുല്‍ഖറിന്റെ കൈവശമുണ്ടായിരുന്നത് ഭൂട്ടാനില്‍ നിന്ന് കടത്തികൊണ്ടുവന്ന വാഹനമാണെന്ന ബോധ്യത്തിന്റെയും അത്തരം ചില ഇന്റലിജന്‍സ് വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് വാഹനം പിടിച്ചെടുത്തതെന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍, വ്യക്തികള്‍ക്കെതിരേ തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും അത് ശരിയായ നടപടിയല്ലെന്നുമാണ് കസ്റ്റംസിനോട് ഹൈക്കോടതി പറഞ്ഞത്.
രേഖകള്‍ പരിശോധിക്കാതെയാണ് കസ്റ്റംസ് വാഹനം പിടിച്ചെടുത്തതെന്നും വാഹനം താല്‍ക്കാലികമായി വിട്ടുനല്‍കണമെന്നുമായിരുന്നു ദുല്‍ഖറിന്റെ വാദം. വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക ബാങ്ക് ഗ്യാരന്റിയായി നല്‍കാമെന്ന് ഹൈക്കോടതിയെ ദുല്‍ഖര്‍ സല്‍മാന്‍ അറിയിച്ചിരുന്നു. എന്നാല്‍, കസ്റ്റംസ് ഡ്യുട്ടി അടയ്ക്കാതെ വിദേശത്തുനിന്ന് കള്ളക്കടത്തായി കൊണ്ടുവന്നതെന്ന സംശയത്തെ തുടര്‍ന്നാണ് വാഹനം പിടിച്ചെടുത്തതെന്ന് കസ്റ്റംസും വിശദീകരിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR