Enter your Email Address to subscribe to our newsletters
Kochi, 14 ഒക്റ്റോബര്‍ (H.S.)
യൂത്ത് കോൺഗ്രസ് ഭാരവാഹി നിയമനത്തിൽ അതൃപ്തി പരസ്യമാക്കിയ അബിൻ വർക്കിയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് വി.എസ്. ശിവകുമാർ. അധികാരവും, സ്ഥാനമാനങ്ങളും ഇല്ലെങ്കിൽ നാളിതുവരെ പ്രവർത്തിച്ച പ്രസ്ഥാനത്തെ തള്ളിപറഞ്ഞ് കൊണ്ട് മറുപക്ഷം ചാടുന്നവർക്കിടയിൽ അബിൻ വർക്കി മാതൃകയാണ്. നാളെകളിൽ ഈ പ്രസ്ഥാനത്തെ നയിക്കാൻ അബിൻ ഉണ്ടാവുമെന്ന കാര്യത്തിൽ സംശയമില്ലെന്നും വി.എസ്. ശിവകുമാർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി.എസ്. ശിവകുമാറിൻ്റെ പ്രതികരണം.
എന്നെ വെട്ടി മുറിച്ചാൽ വരുന്നത് ചുവന്ന ചോരയല്ല ത്രിവർണ്ണമാണ്. ഞാൻ പാർട്ടിയിൽ പ്രവർത്തിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു. മരണം വരെ പാർട്ടിയോടൊപ്പം. കോൺഗ്രസ്സ് എന്ന മേൽവിലാസം ഉണ്ടെങ്കിലേ ഞാൻ ഉള്ളൂ. അതിനെ കളങ്കപ്പെടുത്തുന്ന ഒന്നും എന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. അധികാരവും, സ്ഥാനമാനങ്ങളും ഇല്ലെങ്കിൽ നാളിതുവരെ പ്രവർത്തിച്ച പ്രസ്ഥാനത്തെ തള്ളിപറഞ്ഞ് കൊണ്ട് മറുപക്ഷം ചാടുന്നവർക്കിടയിൽ ഈ ചെറുപ്പക്കാരൻ ഒരു മാതൃകയാണ്. പ്രിയപ്പെട്ട അബിൻ നാളെകളിൽ ഈ പ്രസ്ഥാനത്തെ നയിക്കാൻ താങ്കൾ ഉണ്ടാവുമെന്ന കാര്യത്തിൽ സംശയമില്ല. എന്നായിരുന്നു വി.എസ്. ശിവകുമാറിൻ്റെ പോസ്റ്റ്.
എന്നാൽ പിന്നീട് പോസ്റ്റ് ശിവകുമാർ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം, വി.എസ്. ശിവകുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ഇരുവരെയും ട്രോളി വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. പുതിയ ബ്ലഡ് ഗ്രൂപ്പ് കണ്ടുപിടിച്ചെന്ന് കേട്ടു എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR