Enter your Email Address to subscribe to our newsletters
PALAKKAD, 14 ഒക്റ്റോബര്‍ (H.S.)
പാലക്കാട് നെന്മാറ സജിത കൊലക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍. പാലക്കാട് അഡീഷനല്‍ ജില്ലാ കോടതിയാണ് പ്രതി കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയത്. ശിക്ഷ മറ്റന്നാള്‍ വിധിക്കും. 2019 ഓഗസ്റ്റ് 31നാണ് സജിതയെ അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. തന്റെ ഭാര്യയും മക്കളും വീട് വിട്ടുപോയതിന് കാരണം സജിതയാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. 2025 ജനുവരി 27ന് ആയിരുന്നു ഈ ക്രൂര കൊലപാതകങ്ങള്‍.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ഗൂഡാലോചന തുടങ്ങി പ്രോസ്‌ക്യൂഷന്‍ ഉന്നയിച്ച എല്ലാ കുറ്റങ്ങളും തെളിഞ്ഞു. ഏറെ നാടകീയമായിരുന്നു കേസിലെ വിചാരണ പുരോഗമിച്ചത്. പ്രധാന സാക്ഷി ചെന്താമരയുടെ ഭീഷണിയെ തുടര്‍ന്ന് നാടുവിട്ടിരുന്നു. കൊല നടത്തിയ ശേഷം ചെന്താമര സജിതയുടെ വീട്ടില്‍ നിന്ന് പുറത്തേക്ക് വരുന്നത് കണ്ട പ്രധാനസാക്ഷി പുഷ്പയാണ് ഭീഷണി കാരണം നാടുവിട്ടത്. ഏറെ പണിപ്പെട്ടാണ് പോലീസ് ഇവരെ കോടതിയില്‍ സാക്ഷി മൊഴി നല്‍കാന്‍ എത്തിച്ചത്.
കേസില്‍ 68 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ചെന്താമരയുടെ ഭാര്യ, സഹോദരന്‍, കൊല്ലപ്പെട്ട സജിതയുടെ മകള്‍ ഉള്‍പ്പെടെ 44 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു. കേസിന്റെ വിചാരണ സമയത്ത് ചെന്താമര കോടതി വളപ്പില്‍ പോലും സാക്ഷികളെ ഭീഷണിപ്പെടുത്തിയിരുന്നു.
സജിതയുടെ വീടിന്റെ പിറകുവശത്തുള്ള വാതിലിലൂടെ അകത്തുകയറിയാണ് കൊലപാതകം നടത്തിയത്. അടുക്കളയില്‍ നില്‍ക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. കഴുത്തില്‍ തന്നെ ആദ്യം വെട്ടുകയും ചെയ്തു. മരണം ഉറപ്പാക്കിയ ശേഷം വീട്ടില്‍തിരിച്ചുവന്ന് വെട്ടാനുപയോഗിച്ച കത്തി അലമാരയ്ക്കടിയില്‍ ഒളിപ്പിക്കുകയും രക്തക്കറ പുരണ്ട ഷര്‍ട്ട് കത്തിച്ചുകളയുകയും ചെയ്തു. തുടര്‍ന്ന് പോത്തുണ്ടി വനമേഖലയില്‍ ഒളിച്ചുകഴിയുകയായിരുന്ന ചെന്താമരയെ രണ്ടുദിവസത്തെ തിരിച്ചിലിനൊടുവിലാണ് പിടികൂടിയത്.തന്റെ ഭാര്യ പിണങ്ങി പോവാന്‍ കാരണം സജിത ആണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയത്.
---------------
Hindusthan Samachar / Sreejith S