Enter your Email Address to subscribe to our newsletters
Kerala, 14 ഒക്റ്റോബര്‍ (H.S.)
തിരുവനന്തപുരം: ശബരിമലയിൽ നിന്ന് നഷ്ടമായ സ്വര്‍ണം തിരികെ പിടിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഹൈക്കോടതിയുടെ അന്വേഷണത്തിൽ പൂർണ വിശ്വാസമാണെന്നും കോടതിയെ വിശ്വസിക്കാത്തവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂട്ടിച്ചേർത്തു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണ്. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും പുകമറ സൃഷ്ടിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമം അപലപനീയമാണെന്നും ദേവസ്വം ബോര്‍ഡ് കൂട്ടിച്ചേർത്തു.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ആഗോള അയ്യപ്പ സംഗമത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് തുടര്‍ നടപടികളുമായി ദേവസ്വം ബോര്‍ഡും കേരള സര്‍ക്കാരും മുന്നോട്ട് പോകുന്നതിനിടെയാണ് നിലവിലെ വിവാദങ്ങള്‍ ഉയര്‍ന്നുവന്നത്. ദ്വാരപാലക പീഠം കാണാനില്ല എന്ന വ്യാജ ആരോപണവുമായി ആഗോള അയ്യപ്പ സംഗമത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്ത് വന്നത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായാണ്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് തന്നെ ദ്വാരപാലക പീഠങ്ങള്‍ ദേവസ്വം വിജിലന്‍സ് കണ്ടെത്തി. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപാളി, ശ്രീകോവിലിന്റെ കട്ടള എന്നിവയുമായി ബന്ധപ്പെട്ട ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ ഗൗരവമുള്ളതാണ്. ഇത് ഗൗരവമുള്ളതും വിട്ടുവീഴ്ചയില്ലാത്തതുമായ നിയമ നടപടികള്‍ക്ക് വിധേയമാക്കേണ്ടതും നഷ്ടപ്പെട്ടുപോയ സ്വര്‍ണ്ണം കണ്ടെത്തി തിരിച്ചു പിടിക്കേണ്ടതുമാണ്
---------------
Hindusthan Samachar / Roshith K