Enter your Email Address to subscribe to our newsletters
Ernakulam, 14 ഒക്റ്റോബര്‍ (H.S.)
വടക്കൻ പറവൂർ നീണ്ടുരിൽ മൂന്നര വയസുക്കാരിയുടെ ചെവി കടിച്ചെടുത്ത തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇന്ന് വൈകിട്ടോടെയാണ് റിപ്പോർട്ട് വന്നത്. അഞ്ച് ദിവസമായി കടിയേറ്റ കുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പറവൂർ സ്വദേശി മിറാഷിന്റെ മകൾ നിഹാരയുടെ ചെവിയാണ് തെരുവുനായ കടിച്ചെടുത്തത്. വീടിന്റെ സമീപം കുട്ടി കളിക്കുന്ന സമയത്താണ് തെരുവുനായ ആക്രമിച്ചത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കുട്ടി കളിച്ചുകൊണ്ടിരുന്ന സമയം പുറകിലൂടെ വന്ന് തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയെ ആദ്യം കളമേശരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം നോർത്ത് സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്കും മാറ്റുകയായിരുന്നു.
കുട്ടിക്ക് നേരെ ഉണ്ടായത് ഭയപ്പെടുത്തുന്ന ആക്രമണമാണെന്നായിരുന്നു ദൃക്സാക്ഷികൾ പറഞ്ഞത്. കുട്ടിയുടെ ചെവിയുടെ ഒരു ഭാഗം നായ കടിച്ചെടുത്തു. അറ്റുപോയ ഭാഗം വീണ്ടെടുത്താണ് ആശുപത്രിയിൽ എത്തിച്ചത്. മൂന്നു നായ്ക്കൾ ചേർന്നാണ് കുട്ടിയെ ആക്രമിച്ചതെന്നും ദൃക്സാക്ഷികൾ പറഞ്ഞിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR