Enter your Email Address to subscribe to our newsletters
ALAPPUZHA, 15 ഒക്റ്റോബര്‍ (H.S.)
മന്ത്രി സജി ചെറിയാനേയും എകെ ബാലനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ജി.സുധാകരന്‍. കടുത്ത വിമര്‍ശനങ്ങളാണ് സുധാകരന്‍ ഉയര്‍ത്തിയത്. ആലപ്പുഴയില്‍ നടക്കുന്നത് വളരെ നിര്‍കൃഷ്ടവും മ്ലേച്ചവും മാര്‍ക്സിസ്റ്റ് വിരുദ്ധവുമായ നീക്കങ്ങളാണ്. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാക്കളുടെ അച്ചനും അമ്മയ്ക്കും അടക്കം തെറി പറയുകയാണ്. അതിനെ തടയാതെ തന്നെ ഉപദേശിക്കാനാണ് സജി ചെറിയാനും എ.കെ.ബാലനും ശ്രമിക്കുന്നതെന്നും സുധാകരന്‍ വിമര്‍ശിച്ചു.
താന്‍ ബിജെപിയില്‍ പോകുമെന്ന് പ്രചരിച്ചത് സജി ചെറിയാന്റെ അണികളാണ്. തന്നോട് കളിക്കുമ്പോള്‍ സജി ചെറിയാന്‍ സൂക്ഷിക്കണം. തന്നോട് കളിച്ചവരാരും ജയിച്ചിട്ടില്ല. സജി ചെറിയാനും നാസറും വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ താനാണ് ഇവരെയൊക്കെ സംരക്ഷിച്ചത്. ഇപ്പോഴത്തെ സജി ചെറിയാന്റെ വളര്‍ച്ചയ്ക്ക് കാരണവും തനാണ്. അത് ഓര്‍ത്ത് തന്നെ സംസാരിക്കണം.അമ്പലപ്പുഴയില്‍ താന്‍ വോട്ട് ചോര്‍ത്താന്‍ ശ്രമിച്ചെന്ന ആരോപണത്തിന് പിന്നാല്‍ ഗാഡാലോടനയുണ്ട്. സജി ചെറിയാനും ആരിഫും അറിയാതെ എനിക്കെതിരെ പരാതി പോകില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനായിരുന്നു നീക്കം. അതിനായി പടക്കം പൊട്ടിച്ചതായും സുധാകരന്‍ ആരോപിച്ചു.
ബാലനെപ്പോലെ മാറാന്‍ തനിക്ക് പറ്റില്ല. ബാലന്‍ തന്നെപ്പറ്റി ഒന്നും പറയേണ്ട കാര്യമില്ല. ഞാന്‍ ഇന്നേവരെ ഒരു പ്രസ്താവനയിലും പൊതുവേദിയിലും ബാലനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്‍ പാര്‍ട്ടിയുമായി ചേര്‍ന്നു പോകണമെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയാണ് മുതിര്‍ന്ന നേതചാവിനെ ചൊടിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പോസ്റ്റില്‍ എ.കെ.ബാലന്‍ ജി.സുധാകരനെ വിമര്‍ശിച്ചിരുന്നു. 'കാലം എന്നില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കി. പക്ഷേ ജി സുധാകരന്‍ പഴയ ജി സുധാകരന്‍ തന്നെയാണ്' എന്നായിരുന്നു സമീപകാലത്തെ സുധാകരന്റെ പ്രസ്താവനകളെ ലക്ഷ്യമിട്ട് ബാലന്‍ കുറിച്ചത്. താന്‍ മാറിയിട്ടില്ലെന്നും, മാറത്തില്ലെന്നും ജി. സുധാകരന്‍ ബാലന് മറുപടിയായി പറഞ്ഞു. ബാലനെ പോലെ മാറാന്‍ എനിക്കാകില്ല. ഞാന്‍ ഇപ്പോഴും ലളിത ജീവിതമാണ് നയിക്കുന്നത്.
തന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ സുധാകരന്‍ രംഗത്തെത്തിയതോടെ എ.കെ.ബാലന്‍ വിശദീകരണവുമായി എത്തി. അടുത്ത കാലത്ത് ജി.സുധാകരന് ചില ആശങ്കകളുണ്ട്. തന്നെ അവഗണിക്കുന്നുണ്ടോ എന്ന തോന്നല്‍ അദ്ദേഹത്തിനുണ്ട്. അത് ശരിയോ തെറ്റോ എന്ന് എനിക്കറിയില്ല. അത് വേണ്ടപ്പെട്ടവര്‍ പരിശോധിക്കണം. അവഗണന ഉണ്ട് എന്ന് തോന്നുമ്പോള്‍ ചില അമര്‍ഷം ഉള്ളില്‍ തോന്നും. അത് ഒരിക്കലും പാര്‍ട്ടിയുടെ പൊതു ഇമേജിന് എതിരായി പുറത്ത് വരാന്‍ പാടില്ല. അക്കാര്യത്തില്‍ വളരെ വാശിയുള്ള ഒരാളായിരുന്നു സുധാകരനെന്നും ബാലന്‍ വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S