Enter your Email Address to subscribe to our newsletters
NEWDELHI, 15 ഒക്റ്റോബര്‍ (H.S.)
തലസ്ഥാനത്ത് ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സുപ്രീം കോടതി.
ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഹരിത പടക്കങ്ങൾ താൽകാലികമായി ഉപയോഗിക്കാനാണ് നിർദേശം. മറ്റ് പടക്കങ്ങളെ അപേക്ഷിച്ച് ഹരിത പടക്കങ്ങൾ പ്രകൃതിക്ക് അത്ര ദോഷം വരുത്തില്ല. എന്നാൽ ഇതിനും നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. ഹരിത പടക്കങ്ങൾ നിർമ്മിക്കാനും വിൽക്കാനും അനുമതി തേടിയുള്ള ഹർജികൾ പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.
ഈ മാസം 20നാണ് ദീപാവലി. ഹരിത പടക്കങ്ങൾ പൊട്ടിക്കുന്നത് ഒക്‌ടോബർ 18 മുതൽ 21 വരെ മാത്രമേ അനുവദിക്കുകയുള്ളു. ചീഫ് ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ ഉൾപ്പെട്ട ബെഞ്ചിന്റെതാണ് തീരുമാനം. ഈ ദിവസങ്ങളിൽ രാവിലെ 6 മുതൽ 7 വരെയും വൈകുന്നേരം 6 മുതൽ രാത്രി 10 വരെയും മാത്രമേ പടക്കങ്ങൾ പൊട്ടിക്കാവൂ. പരിസ്ഥിതിയുമായി വിട്ടുവീഴ്ച ചെയ്യാതെ മിതമായി വേണം ഉപയോഗികനെന്നും കോടതി പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനൊപ്പം ദീപാവലി സമയത്ത് ജനങ്ങളുടെ വികാരങ്ങളെ മാനിക്കുന്നതാണ് തീരുമാനമെന്ന് സുപ്രീം കോടതിയോട് നന്ദി പറഞ്ഞുകൊണ്ട് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പ്രതികരിച്ചിരുന്നു.
അതേസമയം, ഡൽഹി എൻസിആറിലെ(National Capital Region) സർട്ടിഫൈഡ് നിർമ്മാതാക്കൾ മാത്രമേ ഹരിത പടക്കങ്ങൾ നിർമ്മിക്കാവൂ എന്നാണ് കോടതിയുടെ നിർദേശം. ഈ നിർമ്മാതാക്കൾക്ക് നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും(NEERI) പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെയും (PESO) പെർമിറ്റുകൾ ഉണ്ടായിരിക്കണം. എൻസിആറിൽ പുറത്തുനിന്നുള്ള പടക്കങ്ങൾ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. ഓൺലൈൻ വില്പനകളും അനുവദിക്കില്ല.
പട്രോളിംഗ് ടീമുകൾ ദിവസവും നിർമ്മാണം പരിശോധിച്ച് പടക്കങ്ങളുടെ ക്യുആർ കോഡുകൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. വ്യാജ ഹരിത പടക്കങ്ങൾ കണ്ടെത്തിയാൽ, നിർമ്മാതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഈ മാസം 18 മുതൽ വായുവിന്റെ ഗുണനിലവാരം നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S