Enter your Email Address to subscribe to our newsletters
CHENNAI, 15 ഒക്റ്റോബര്‍ (H.S.)
കരൂര്‍ ദുരന്തത്തില്‍ പ്രഖ്യാപനവുമായി തമിഴക വെട്രി കഴകം. ടിവികെ സമിതി ഇന്ന് കരൂരിലെത്തും. ദുരിതം ബാധിച്ച കുടുംബങ്ങളെ ടിവികെ ഏറ്റെടുക്കുമെന്നാണ് പ്രഖ്യാപനം. ബന്ധുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തും. എല്ലാമാസവും സഹായധനം നല്‍കും. കുട്ടികളുടെ പഠന ചെലവ് ഏറ്റെടുക്കുമെന്നും പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു. കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ ഉത്തരവിട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ടിവികെ ഇക്കാര്യം അറിയിച്ചത്. ടിവികെ അധ്യക്ഷന്‍ വിജയ് ഒക്ടോബര്‍ 17-ന് കരൂരിലെത്തും.
കഴിഞ്ഞ ദിവസമാണ് കരൂരില്‍ 41 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. പ്രത്യേക അന്വേഷണ സംഘത്തെയും സുപ്രീംകോടതി രൂപീകരിച്ചു. വിരമിച്ച ജഡ്ജിക്കായിരിക്കും അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല.
കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നും ടിവികെ ആവശ്യപ്പെട്ടിരുന്നു. ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതലയുണ്ടായിരുന്ന ആധവ് അര്‍ജുനയായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. ടിവികെയുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വിരമിച്ച ജഡ്ജിയെ ഉടന്‍ തീരുമാനിക്കും.
നേരത്തെ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി അത് അംഗീകരിച്ചില്ല. ടിവികെയുടെ ആവശ്യം തള്ളിയ ഹൈക്കോടതി ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇതിനെതിരെയാണ് ടിവികെ സുപ്രീംകോടതിയെ സമീപിച്ചത്. കരൂര്‍ ദുരന്തത്തില്‍ ഏറെ പഴികേട്ട വിജയ്ക്ക് സിബിഐ അന്വേഷണം ആശ്വാസം നല്‍കുന്നതായിരുന്നു. ഡിഎംകെയുടെ അറിവോടെയുള്ള ദുരന്തമായിരുന്നു കരൂരിലേതെന്നായിരുന്നു ടിവികെയുടെ ആരോപണം. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു വിജയ് ഉന്നയിച്ചിരുന്നത്.
സെപ്റ്റംബര്‍ 27നായിരുന്നു കരൂരില്‍ വിജയ്യുടെ റാലി ദുരന്തത്തില്‍ കലാശിച്ചത്. ശനിയാഴ്ച തോറും ടിവികെ വിജയ്യുടെ റാലി സംഘടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ സെപ്റ്റംബര്‍ 27 ശനിയാഴ്ച കരൂര്‍ വേലുചാമിപുരത്ത് ടിവികെ സംഘടിപ്പിച്ച റാലിയായിരുന്നു അപകടം വരുത്തിവെച്ചത്. വിജയ്യെ കാണാന്‍ രാവിലെ മുതല്‍ വലിയ ജനക്കൂട്ടം വേലുചാമിപുരത്ത് തമ്പടിച്ചിരുന്നു. ഉച്ചയ്ക്ക് ഒരുമണിക്കാണ് വിജയ് പരിപാടിക്ക് എത്തേണ്ടിയിരുന്നത്. എന്നാല്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് പരിപാടിക്ക് എത്തിയത്. ഇതിനകം തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. വിജയ് പ്രസംഗിച്ച് തുടങ്ങിയതോടെ ആളുകള്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് വിജയ് പ്രസംഗം അവസാനിപ്പിക്കുകയും ആളുകള്‍ക്ക് കുപ്പി വെള്ളം എറിഞ്ഞുനല്‍കുകയും ചെയ്തു.
---------------
Hindusthan Samachar / Sreejith S