Enter your Email Address to subscribe to our newsletters
NEWDELHI, 15 ഒക്റ്റോബര്‍ (H.S.)
സിപിഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എകെജി സെന്ററിനായി ഭൂമി വാങ്ങിയത് പൂര്‍ണ്ണമായും നിയമപരമായാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കോടതി പാര്‍ട്ടിക്കയച്ച നോട്ടീസിന് മറുപടി നല്‍ക്കുകയായിരുന്നു അദ്ദേഹം.
2021-ല്‍ 32 സെന്റ് ഭൂമി വാങ്ങിയത് നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചാണെന്നും, ഈ ഭൂമിയില്‍ 30 കോടി രൂപ ചെലവഴിച്ചാണ് ഒമ്പത് നില കെട്ടിടം നിര്‍മ്മിച്ചതെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമി വാങ്ങുന്ന സമയത്ത് യാതൊരു കേസുകളും നിലവിലുണ്ടായിരുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പുതിയ എകെജി. സെന്റര്‍ നില്‍ക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കേസിന് ആധാരം. വി എസ് സി ശാസ്ത്രജ്ഞ ഇന്ദു ഗോപന്‍ താനാണ് ഭൂമിയുടെ ഉടമസ്ഥയെന്ന് കാണിച്ച് സുപ്രീം കോടതിയെ സമീപിച്ചത്. എകെജി സെന്റര്‍ നില്‍ക്കുന്ന 34 സെന്റ് ഭൂമി 1998-ല്‍ താനും 2000-ല്‍ തന്റെ മുത്തച്ഛന്‍ ജനാര്‍ദ്ദനന്‍ പിള്ളയും ചേര്‍ന്ന് രണ്ട് രേഖകളിലായി വാങ്ങിയത് എന്നുമായിരുന്നു ഇന്ദു ഗോപന്റെ വാദം.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെച്ച് കോട്ടയത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനം സിപിഎമ്മിന് വില്‍പ്പന നടത്തിയെന്നാണ് ഇന്ദു ഗോപന്റെ പരാതി. സിപിഎം ഭൂമി വാങ്ങിയ സമയത്ത് തര്‍ക്കവിഷയം ചൂണ്ടിക്കാണിച്ച് ഇന്ദു ഗോപന്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്ത് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
കോട്ടയത്തെ സ്വകാര്യ ധനകാര്യ സ്ഥാപനം തിരുവനന്തപുരത്തെ ഒരു വ്യവസായിയില്‍ നിന്ന് ഈട് സ്വീകരിച്ച ഭൂമിയാണിത്. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കമ്പനി ഭൂമി ജപ്തി ചെയ്യുകയും, പിന്നീട് തിരുവനന്തപുരം സബ് കോടതി വഴി ലേലം ചെയ്യുകയും ചെയ്തു. 1998 ഓഗസ്റ്റിലായിരുന്നു ലേലം നടന്നത്. ലേലത്തിലെടുക്കാന്‍ ആളില്ലാതായതോടെ ധനകാര്യ സ്ഥാപനം തന്നെ ഭൂമി ഏറ്റെടുക്കുകയും 2000-ത്തില്‍ സെയില്‍ സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തു. ഈ ഭൂമിയാണ് 2021-ല്‍ വാങ്ങിയതെന്നുമാണ് സിപിഎം വാദം.
---------------
Hindusthan Samachar / Sreejith S