Enter your Email Address to subscribe to our newsletters
PATHANAMTHITTA, 15 ഒക്റ്റോബര്‍ (H.S.)
കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഇനിയും നീതി ലഭിച്ചിട്ടില്ലെന്ന് ഭാര്യ കെ.മഞ്ജുഷ. വേദനയും ദുഃഖവും സ്വകാര്യമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നതായും കുടുംബം വ്യക്തമാക്കി. വേദനയില്‍ പങ്കുചേര്‍ന്ന ധാരാളം പേരുണ്ട്. അവരെ എല്ലാം ഓര്‍ക്കുന്നു. മനുഷ്യത്വമുള്ള കേരള ജനത ഒപ്പം നിന്നു. ഇപ്പോഴും നേരില്‍ കാണാനും ആശ്വസിപ്പിക്കാനും ധാരളം പേര്‍ വരുന്നുണ്ട്. ക്രൈസ്തവ സഭകളിലെ തിരുമേനിമാരും അച്ഛന്‍മാരും നേരിട്ട് വന്ന് കണ്ട് അശ്വസിപ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. അത് അശ്വാസമായ കാര്യമായിരുന്നു. എല്ലാവരുടെയും പിന്തുണയോടെ മുന്നോട്ടു പോകാന്‍ ശ്രമിക്കുകയാണെന്നും മഞ്ജുഷ പറഞ്ഞു.
നവീന്‍ ബാബുവിന് ഒരു വര്‍ഷമായിട്ടും നീതി ലഭിച്ചിട്ടില്ലെന്ന് സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു. പല നിര്‍ണായക കാര്യങ്ങളും മറച്ചുവച്ചതായി അഡീഷനല്‍ കുറ്റപ്പത്രം സമര്‍പിച്ചപ്പോഴാണ് വ്യക്തമായത്. മനസ്സിലായി. പ്രശാന്തന്റെയും സിപിഎം നേതാവ് പി.പി.ദിവ്യയുടെയും കലക്ടറുടെയും ഫോണ്‍ രേഖകള്‍ പരിശോധിച്ചില്ല. ഇതൊന്നും ഇല്ലാതെയാണ് കുറ്റപത്രം നല്‍കിയത്. അതുകൊണ്ട് തന്നെയാണ് നീതി അകലെയാണെന്ന് കരുതുന്നത്. എല്ലാ നിയമവഴികളും തേടുമെന്നും പ്രവീണ്‍ ബാബു പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15നാണ് കണ്ണൂരിലെ ക്വാട്ടേഴ്‌സില്‍ നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ട എഡിഎമ്മായി സ്ഥലംമാറ്റം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ യാത്രയയപ്പ് വേദിയിലാണ് പിപി ദിവ്യ ക്ഷണിക്കാതെ എത്തി നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് അപമാനിച്ചത്.
ക്ഷണിക്കപ്പെടാത്ത അതിഥി ആയി തികച്ചും സ്വകാര്യമായ യോഗത്തിലേക്ക് വലിഞ്ഞു കേറി വന്ന് നവീന്‍ ബാബു അഴിമതിക്കാരന്‍ ആണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പ്രസംഗമാണ് അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിട്ടത്. കറകളഞ്ഞ സര്‍വീസ് ട്രാക്ക് റെക്കോര്‍ഡുള്ള നവീന്‍ ബാബു കൈക്കൂലിപ്പാവിയാണ് എന്നമട്ടിലുള്ള ദിവ്യയുടെ ചാപ്പകുത്തല്‍ പ്രസംഗം നാടാകെ അവര്‍ തന്നെ പ്രചരിപ്പിച്ചു. സത്യവുമായി പുലബന്ധം പോലുമില്ലാത്ത പ്രസ്താവനയായിരുന്നു ദിവ്യ നടത്തിയത്. ഒരു പെട്രോള്‍ പമ്പ് അനുമതിയുമായി ബന്ധപ്പെട്ട ഫയല്‍ ക്ലിയര്‍ ചെയ്യാന്‍ ഒരു ലക്ഷം രുപ കൈക്കൂലി വാങ്ങിയെന്നായിരുന്നു നവീന്റ മരണശേഷം കഥകള്‍ ഉയര്‍ന്നത്.
അടിമുടി സിപിഎം പ്രവര്‍ത്തകനും കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബാംഗവുമായ നവീന്‍ ബാബുവിനൊപ്പമാണ് പാര്‍ട്ടി എന്നൊക്കെ നേതാക്കള്‍ വായ്ത്താരി മുഴക്കിയെങ്കിലും പിന്നീട് ദിവ്യക്കായി അന്വേഷണം അട്ടിമറിക്കുന്നതാണ് പിന്നീട് കണ്ടത്. നവീന്‍ ബാബുവിന്റേത് ആത്മഹത്യയാണെന്നും കൊലപാതകമെന്ന കുടുംബത്തിന്റെ ആശങ്ക പരിശോധിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ സര്‍ക്കാര്‍ നഖശിഖാന്തം എതിര്‍ക്കുന്നതാണ് കണ്ടത്.
---------------
Hindusthan Samachar / Sreejith S