ചോദ്യം ചെയ്യല്‍ അഭിഭാഷകന്റെ സാന്നിധ്യത്തിലാക്കണം; പൊതുതാലപര്യ ഹരജി പരിഗണിച്ച് സുപ്രീംകോടതി
NEWDELHI, 15 ഒക്റ്റോബര്‍ (H.S.) ന്യൂഡല്‍ഹി: പൊലീസോ മറ്റു അന്വേഷണ ഏജന്‍സികളോ ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷകന്റെ സാന്നിധ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിച്ച് സുപ്രീംകോടതി. തടവില്‍ കഴിയുന്ന വ്യക്തിക്ക് തിരഞ്ഞെടുത
Supreme Court


NEWDELHI, 15 ഒക്റ്റോബര്‍ (H.S.)

ന്യൂഡല്‍ഹി: പൊലീസോ മറ്റു അന്വേഷണ ഏജന്‍സികളോ ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷകന്റെ സാന്നിധ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിച്ച് സുപ്രീംകോടതി. തടവില്‍ കഴിയുന്ന വ്യക്തിക്ക് തിരഞ്ഞെടുത്ത രീതിയില്‍ മാത്രം അഭിഭാഷകനെ കാണാന്‍ അനുവദിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും ഇത് കസ്റ്റഡി മര്‍ദനത്തിനും മരണത്തിനും കാരണമാകുന്നുവെന്നും അഭിഭാഷകനായ ഷാഫി മേത്തര്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസ് അയച്ചു. വ്യക്തിയെ പൊലീസ് സ്റ്റേഷനിലേക്കോ അന്വേഷണ ഏജന്‍സിയുടെ ഓഫിസിലേക്കോ വിളിപ്പിച്ചാല്‍ അവര്‍ക്ക് നിയമപരമായ അവകാശം ലഭിക്കാതിരിക്കുന്നത് ചോദ്യം ചെയ്യലില്‍ പ്രതികൂല സാഹചര്യമുണ്ടാക്കും.

കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജന്‍സികളുടെ അന്വേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും അഭിഭാഷകന്റെ സാന്നിധ്യം ലഭ്യമാക്കി മൗലികാവകാശം നടപ്പാക്കണമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ചോദ്യം ചെയ്യാന്‍ വിളിക്കപ്പെടുന്ന വ്യക്തികള്‍ക്ക് നിര്‍ബന്ധമോ സമ്മര്‍ദമോ നേരിട്ടതിനെക്കുറിച്ച് ഹരജിയില്‍ പരാമര്‍ശമുണ്ടോയെന്ന് ഹരജിക്കാരനോട് ബെഞ്ച് ചോദിച്ചു. ചോദ്യം ചെയ്യപ്പെടുമ്പോള്‍ ആ ചോദ്യം കുറ്റാരോപിതമാണോ അല്ലയോ എന്ന് വ്യക്തിയോട് പറയാന്‍ അഭിഭാഷകന്‍ ഉണ്ടായിരിക്കേണ്ടത് പൊതുതാല്‍പര്യത്തിന്റെ കാര്യമാണെന്ന് ഹരജിക്കാരനുവേണ്ടി അഭിഭാഷക മനീക ഗുരുസ്വാമി വ്യക്തമാക്കി. സന്നദ്ധ സംഘടനയായ നാഷനല്‍ കാമ്പയിന്‍ എഗെയ്ന്‍സ്റ്റ് ടോര്‍ച്ചര്‍ 2020ല്‍ പ്രസിദ്ധീകരിച്ച കസ്റ്റഡി പീഡനം സംബന്ധിച്ച റിപ്പോര്‍ട്ടും അഭിഭാഷക പരാമര്‍ശിച്ചു.

2019ല്‍ രാജ്യത്ത് കസ്റ്റഡിയില്‍ 125 മരണ കേസുകളില്‍ 93 പേര്‍ പീഡനം മൂലവും 24 പേര്‍ സംശയാസ്പദമായ സാഹചര്യത്തിലും മരിച്ചുവെന്നും മറ്റു കേസുകളില്‍ കാരണം അജ്ഞാതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

---------------

Hindusthan Samachar / Sreejith S


Latest News