Enter your Email Address to subscribe to our newsletters
KOLLAM, 15 ഒക്റ്റോബര്‍ (H.S.)
സംസ്ഥാനത്ത് സാധാരണ ജനങ്ങളുടെ ഇടയിൽ മാറ്റം കൊണ്ട് വരുന്നതിൽ ഗ്രാമപഞ്ചായത്തുകളുടെ പങ്ക് വലുതാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ. ബാലഗോപാൽ. പ്ലാൻ ഫണ്ടിൻ്റെ 30 ശതമാനം പ്രവർത്തനങ്ങളും പഞ്ചായത്തുകൾ വഴിയാണ് നടപ്പിലാക്കുന്നത്. ഡിജിറ്റൽ സാക്ഷരത പോലുള്ള അഭിമാന പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞത് പഞ്ചായത്തുകളുടെ പൂർണ പിന്തുണ കൊണ്ടാണ്. ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിൻ്റെ ആദ്യ പ്രസിഡൻ്റ് എം.പ്രഭാകരൻ്റെ സ്മരണാർഥം നിർമ്മിച്ച സ്വരാജ് ഹാൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വരാജ് ട്രോഫി അവാർഡ് തുക വിനിയോഗിച്ചാണ് ഹാൾ നിർമ്മിച്ചത്. രണ്ട് തവണ ജില്ലയിൽ ഒന്നാം സ്ഥാനവും ഈ വർഷം സംസ്ഥാന തലത്തിൽ രണ്ടാമതും ആയിരുന്നു പഞ്ചായത്ത്. 80 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ഹാളിൽ 500 പേർക്ക് ഇരിക്കാവുന്ന സൗകര്യമുണ്ട്.
എംഎൽഎ ജി. സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജെ.ലളിത, ജില്ലാ പഞ്ചായത്ത് അംഗം എ.മിനി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്.ശേഖരൻ ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S