Enter your Email Address to subscribe to our newsletters
THIRUVANATHAPURAM, 15 ഒക്റ്റോബര്‍ (H.S.)
തിരുവനന്തപുരത്തെ ഗവൺമെന്റ് സ്കൂളിലാണ് വിദ്യാർത്ഥിയുടെ പെപ്പർ സ്പ്രേ പ്രയോഗം നടന്നത്. കല്ലിയൂർ പുന്നമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പ്ലസ്ടു വിദ്യാർത്ഥിയുടെ പെപ്പർ സ്പ്രേ പ്രയോഗത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ ഒൻപത് പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.
രണ്ട് അധ്യാപകരും ഏഴ് വിദ്യാർത്ഥികളുമാണ് ആശുപത്രിയിൽ എത്തിയത്. ഇതിൽ ഒരു അധ്യാപിക തലകറങ്ങി വീണു. പ്ലസ്ടു വിദ്യാർത്ഥിയാണ് 'റെഡ്കോപ്' എന്ന പെപ്പർ സ്പ്രേ കൊണ്ടുവന്നത്. ക്ലാസിലിരുന്ന് ഇത് പ്രയോഗിച്ചു നോക്കുന്ന സമയത്താണ് അധ്യാപകർ അവിടേയ്ക്ക് എത്തിയത്. തുടർന്നാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്. എല്ലാവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഒരു കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഈ കുട്ടിക്ക് നേരത്തെ ശ്വാസംമുട്ടൽ ഉണ്ടെന്നാണ് വിവരം. അതേസമയം, മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച എല്ലാവർക്കും മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോർജ് ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി.
---------------
Hindusthan Samachar / Sreejith S