Enter your Email Address to subscribe to our newsletters
Kerala, 15 ഒക്റ്റോബര്‍ (H.S.)
തിരുവമ്പാടി ∙ പൊതുമരാമത്ത് റോഡുകളിലെ നിർമാണം തകർന്നത് ജനങ്ങൾക്ക് ദുരിതമായി. കൂടരഞ്ഞി –മാങ്കയം മരഞ്ചാട്ടി റോഡിലും തിരുവമ്പാടി –കൂടരഞ്ഞി റോഡിലുമാണ് പ്രവൃത്തിയിലെ അനാസ്ഥ കൊണ്ട് യാത്രക്കാർ ബുദ്ധിമുട്ടുന്നത്. കൂടരഞ്ഞി –മരഞ്ചാട്ടി റോഡ് ഒരു മാസം മുൻപ് ആണ് കുഴി അടയ്ക്കാൻ പാച്ച് വർക്ക് നടത്തിയത്. എന്നാൽ ഈ റോഡിൽ വാഹനങ്ങൾ പോകുമ്പോൾ, പാച്ച് വർക്ക് നടത്തിയ ഭാഗത്തെ ടാർ ഒലിച്ചു പോകുന്ന സ്ഥിതി ആണ്.
തിരുവമ്പാടി – കൂടരഞ്ഞി റോഡിൽ ചവലപ്പാറ വരെയുള്ള ഭാഗത്താണു നിർമാണത്തിൽ അപാകതയുള്ളത്. ഈ ഭാഗത്തെ 2.5 കിലോമീറ്റർ റോഡ് നവീകരിക്കാൻ 3കോടി 30 ലക്ഷം രൂപയാണ് അനുവദിച്ചത്. 8 മീറ്റർ വീതി ഉള്ള റോഡ് അതേ വീതിയിൽ നവീകരിക്കുക മാത്രമാണ് ചെയ്തത്. ഈ ഭാഗത്തു 10 കലുങ്കുകളും നിർമിച്ചു. എന്നാൽ റോഡ് നവീകരണത്തിൽ തുടക്കം മുതൽ അപാകത നാട്ടുകാർ ചൂണ്ടിക്കാണിച്ചിരുന്നു. ആവശ്യത്തിനു ടാർ ചേർക്കാതെ റോഡ് ടാറിങ് നടത്തിയത് നാട്ടുകാർ തടയുന്ന സാഹചര്യം വരെ ഉണ്ടായി
കക്കുണ്ട് തോടിനു പലയിടത്തും സംരക്ഷണ ഭിത്തി കെട്ടാതെ റോഡ് ടാറിങ് നടത്തിയത് അപകട സാധ്യത ഉണ്ടാക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിച്ചിരുന്നു. തോടിനോടു ചേർന്നാണ് ഈ ഭാഗത്ത് റോഡ് ഉള്ളത്. ടാറിങ് കഴിഞ്ഞ് ഏതാനും മാസത്തിനുള്ളിൽ റോഡിൽ രൂപപ്പെട്ട കുഴിയും വിള്ളലും കഴിഞ്ഞ ദിവസം പൊതുമരാമത്ത് അധികൃതർ മാർക്ക് ചെയ്തിരുന്നു. ഈ ഭാഗം ഇനി മുറിച്ചുമാറ്റി വീണ്ടും ടാറിങ് നടത്താനുള്ള നീക്കത്തിലാണ്. നിർമാണ സമയത്ത് ആവശ്യമായ പരിശോധന നടത്തി ഗുണമേന്മ ഉറപ്പ് വരുത്താതിരുന്നതാണ് റോഡ് തകരാൻ കാരണം.എന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
---------------
Hindusthan Samachar / Roshith K