Enter your Email Address to subscribe to our newsletters
Kerala, 15 ഒക്റ്റോബര്‍ (H.S.)
കൊച്ചി: നടൻ ദുൽഖർ സൽമാന്‍റെ വേഫെറര്‍ ഫിലിംസിന്‍റെ പേരിൽ കാസ്റ്റിങ് കൗച്ചിന് ഇരയായെന്ന പരാതിയുമായി യുവതി. അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബുവിനെതിരെയാണ് പരാതി. പരാതിയെ തുടർന്ന് വേഫെറര്‍ ഫിലിംസ് ദിനില്‍ ബാബുവിനെതിരെ തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്കയ്ക്കും പരാതി നൽകി. ദിനില്‍ ബാബുവുമായി യാതൊരു ബന്ധവും ഇല്ലെന്നും വേഫെററിന്‍റെ ഒരു ചിത്രത്തിലും ദിനിൽ ഭാഗമല്ലെന്നും വേഫെറര്‍ ഫിലിംസ് വ്യക്തമാക്കി. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞായിരുന്നു ഇയാളുടെ പീഡന ശ്രമം.
വേഫറെർ ഫിലിംസിന്റെ സിനിമയിൽ അഭിനയിക്കാനെന്ന പേരിൽ വിളിച്ചു വരുത്തി യുവതിയെ അപമാനിച്ചെന്നാണ് ദിനിൽ ബാബുവിനെതിരെയുള്ള പരാതി. കാസ്റ്റിംഗ് കൗച്ചിന്റെ പേരിൽ വേഫറെർ ഫിലിംസിനെ അപകീർത്തിപ്പെടുത്തിയതിനാണ് വേഫറെർ ഫിലിംസ് ദിനിൽ ബാബുവിനെതിരെ പരാതി നൽകിയത്. പൊലീസിലും ഫെഫ്കയിലുമാണ് വേഫറെർ ഫിലിംസ് പരാതി നൽകിയത്. വേഫറെർ ഫിലിംസിന്റെ കാസ്റ്റിംഗ് കോളുകൾ ദുൽഖർ സൽമാന്റെയോ വേഫറെർ ഫിലിംസിന്റെയോ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകൾ വഴി മാത്രമേ പുറത്ത് വരൂ എന്നും, മറ്റു തരത്തിലുള്ള വ്യാജ കാസ്റ്റിംഗ് കോളുകൾ കണ്ട് വഞ്ചിതരാകരുതെന്നും വേഫറെർ ഫിലിംസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
വേഫറെർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം ആരംഭിക്കുന്നുണ്ടെന്നും അതിൽ അഭിനയിക്കുന്ന കാര്യം സംസാരിക്കാനായി നേരിട്ട് കാണാം എന്ന ആവശ്യവുമായി തന്നെ ദിനിൽ ബാബു വിളിച്ചെന്നും പനമ്പിള്ളി നഗറിൽ ഉള്ള വേഫേററിന്റെ ഓഫീസിനടുത്തുള്ള ഒരു കെട്ടിടത്തിൽ വരാനാണ് ആവശ്യപ്പെട്ടതെന്നും യുവതി വെളിപ്പെടുത്തി. ആരോപണത്തിനൊപ്പം ദിനിൽ ബാബുവിന്റെ ശബ്ദ സന്ദേശവും യുവതി പരസ്യപ്പെടുത്തി. അവിടെ എത്തിയ തന്നെ ദിനിൽ ബാബു ഒരു മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതി. തനിക്ക് വഴങ്ങിയില്ലെങ്കിൽ മലയാള സിനിമയിൽ അവസരം ലഭിക്കില്ലെന്ന് ദിനിൽ ബാബു ഭീഷണിപ്പെടുത്തി എന്നും യുവതി എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു
---------------
Hindusthan Samachar / Roshith K