Enter your Email Address to subscribe to our newsletters
CHENNAI, 15 ഒക്റ്റോബര്‍ (H.S.)
തമിഴ്‌നാട്ടില്‍ ഹിന്ദി ഭാഷാ നിരോധിക്കുന്ന ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും. തമിഴ്നാട്ടിലുട നീളം ഹിന്ദി ഹോര്‍ഡിംഗുകളും ഹിന്ദി ഭാഷാ സിനിമകളും നിരോധിക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് സൂചനയെന്ന് പുറത്തുവരുന്നത്. തമിഴരുടെ മേല്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കരുതെന്നും അവരുടെ ആത്മാഭിമാനത്തെ തൊട്ടുകളിക്കരുതെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ബില്ലുമായി സര്‍ക്കാര്‍ രംഗത്തുവരുന്നതെന്നാണ് സൂചന.
ത്രിഭാഷാ ഫോര്‍മുലയുടെ പേരില്‍ ഹിന്ദിയും പിന്നീട് സംസ്‌കൃതവും അടിച്ചേല്‍പ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ സംസ്ഥാനം എതിര്‍ക്കുന്നുവെന്നും സ്റ്റാലിന്‍ നേരത്തേ വ്യക്തമാക്കിയതാണ്. ഇതിന്റെ ഭാഗമായാണ് ഒരു പടി കൂടി മുന്നോട്ട് കടന്ന് ഹിന്ദി ഭാഷാ നിരോധന ബില്ലുമായി ഡിഎംകെ സര്‍ക്കാര്‍ രംഗത്തുവരുന്നത്. സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയം (തമിഴ്, ഇംഗ്ലിഷ്) സ്‌കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നീ മേഖലയില്‍ സംസ്ഥാനത്തിന് കൂടുതല്‍ സഹായകരമായെന്നാണ് ഡിഎംകെയുടെ വാദം. ബിജെപി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. ത്രിഭാഷാ ഫോര്‍മുലയിലൂടെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഡിഎംകെയുടെ കാലങ്ങളായുള്ള ആരോപണം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ സമയത്തും ഡിഎംകെ വിഷയം പ്രചരണായുധമാക്കിയിരുന്നു.
---------------
Hindusthan Samachar / Sreejith S