Enter your Email Address to subscribe to our newsletters
Ernakulam, 15 ഒക്റ്റോബര്‍ (H.S.)
എറണാകുളം: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ ആരോപണ കേസിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹർജിയിലാണ് നോട്ടീസ്. ഹർജി ഈ മാസം 30 ന് വീണ്ടും പരിഗണിക്കും. മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ കോഴ നൽകിയെന്നാണ് കെ സുരേന്ദ്രനെതിരെ പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ആരോപണം.
കെ സുരേന്ദ്രനെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയ സെഷൻസ് കോടതി വിധിയിൽ പിഴവുണ്ടെന്നും നിയമ വിരുദ്ധമാണ് എന്നുമാണ് അപ്പീലിൽ സർക്കാരിന്റെ വാദം.പൊലീസ് നൽകിയ തെളിവുകൾ പരിശോധിക്കാതെയാണ് വിചാരണക്കോടതി തീരുമാനമെടുത്തത്. പ്രതി നൽകിയ സാക്ഷിമൊഴി മാത്രം പരിഗണിച്ചാണ് കോടതിയുടെ നടപടി. തെളിവായി സ്വീകരിക്കാൻ കഴിയാത്ത രേഖകൾ പരിഗണിച്ചാണ് സെഷൻസ് കോടതിയുടെ നടപടി. എസ് സി എസ് ടി നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റങ്ങൾ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള പ്രതികൾക്കെതിരെ നിലനിൽക്കുമെന്നെല്ലാമാണ് സർക്കാരിന്റെ വാദം.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയ്യക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാനായി കോഴ നൽകിയെന്നാണ് ബദിയടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും കോഴ നൽകിയെന്നാണ് കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള ആറ് നേതാക്കൾക്കെതിരായ ആരോപണം.
---------------
Hindusthan Samachar / Roshith K