Enter your Email Address to subscribe to our newsletters
Kerala, 15 ഒക്റ്റോബര്‍ (H.S.)
പാലക്കാട്: പാലക്കാട് കുഴൽമന്ദത്ത് യുവാവ് ആത്മഹത്യ ചെയ്‌ത കേസിൽ ഭാര്യയുടെ സുഹൃത്ത് വിജീഷ് അറസ്റ്റിൽ. കഴിഞ്ഞ ജൂലൈ എട്ടിനാണ് കുഴൽമന്ദം മഞ്ഞാടി ചെന്നക്കോട് വീട്ടിൽ മനോജ് കുമാർ ആത്മഹത്യ ചെയ്തത്. മഹാത്മാഗാന്ധി മൾട്ടിപർപ്പസ് സൊസൈറ്റി പ്രസിഡന്റ് വിജീഷിനും മനോജിൻ്റെ ഭാര്യയ്ക്കും എതിരെയാണ് മനോജിൻ്റെ കുടുംബം പരാതി നൽകിയത്. ഗുരുതര ആരോപണമാണ് മനോജ് കുമാറിൻ്റെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്.
ആത്മഹത്യകുറിപ്പിൽ മനോജ് കുമാറിൻ്റെ ഭാര്യയുടെയും ആൺസുഹൃത്തിൻ്റെയും പേരാണുള്ളത് ഇവരാണ് എൻറെ മരണത്തിന് ഉത്തരവാദികളെന്നും ഇവരെ വെറുതെ വിടരുതെന്നുമാണ് കുറിപ്പ്. കുഴൽമന്ദം മഹാത്മാഗാന്ധി സർവീസ് സഹകരണ സംഘത്തിലാണ് മനോജിൻ്റെ ഭാര്യ ചിത്ര ജോലി ചെയ്യുന്നത്. സംഘം പ്രസിഡൻ്റ് വിജീഷ് സഹദേവനും മരിച്ച മനോജ്കുമാറിൻ്റെ ഭാര്യ ചിത്രയും തമ്മിൽ സൗഹൃദമായിരുന്നു. ചിത്രയും മനോജും തമ്മിൽ വിവാഹമോചനത്തിനായി കേസ് നടക്കുന്നതിനിടെ നിരന്തരം പണം ആവശ്യപ്പെട്ട് ഇരുവരും ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം പറയുന്നു.
മനോജ് കുമാറിൻ്റെ കുടുംബം നൽകിയ പരാതിയിൽ വിജീഷിനെതിരെ കുഴൽമന്ദം പൊലീസ് കേസെടുത്തിരുന്നു. വിജീഷ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിജീഷിനെ റിമാൻഡ് ചെയ്‌തു.
---------------
Hindusthan Samachar / Roshith K