Enter your Email Address to subscribe to our newsletters
Kochi, 15 ഒക്റ്റോബര്‍ (H.S.)
ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് എത്തിക്കുന്ന ക്രമീകരണങ്ങള്‍ ഹൈക്കോടതിയെ അറിയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പുതിയ ഗൂര്‍ഖ ഓഫ് റോഡ് വാഹനത്തിലായിരിക്കും രാഷ്ട്രപതി മല കയറുക. ആറ് വാഹനങ്ങളാകും വാഹനവ്യൂഹത്തില്‍ ഉണ്ടാകുക. ഓഫ് റോഡ് വാഹനങ്ങളുടെ ട്രയല്‍ റണ്‍ ഉടന്‍ നടത്തും.
സ്വാമി അയ്യപ്പന്‍ റോഡ് വഴി മരകൂട്ടത്ത് എത്തിയ ശേഷം പരമ്പരാഗത പാത വഴി് വാഹനവ്യൂഹം സന്നിധാനത്ത് എത്തും. ശബരിമലയുടെ എല്ലാ ആചാര അനുഷ്ഠാനങ്ങളും പാലിക്കുമെന്നും ബോര്‍ഡ് ദേവസ്വം ബെഞ്ചിനെ അറിയിച്ചു. രാഷ്ട്രപതിയുടെ ദര്‍ശന വിവരങ്ങള്‍ തന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ബോര്‍ഡ് അറിയിച്ചു.
ഒക്ടോബര്‍ 22നാണ് രാഷ്ട്രപതി ശബരിമലയില്‍ എത്തുന്നത്. തിരുവനന്തപുരത്ത് നിന്നും രാവിലെ 9.25ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് തിരിക്കും. 11.00ന് പമ്പയില്‍ എത്തി വാഹനത്തില്‍ ശബരിമലയിലേക്ക് പോകാനാണ് നിശ്ചയിച്ചിരിക്കുന്നത്. ക്ഷേത്ര ദര്‍ശനത്തിനുശേഷം ശബരിമല ഗസ്റ്റ് ഹൗസില്‍ ഉച്ചഭക്ഷണം കഴിച്ച് വിശ്രമിച്ച ശേഷം വൈകുന്നേരം 4.20ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് മടങ്ങുകയും ചെയ്യും.
തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഒക്ടോബര്‍ 17നാണ് തുറക്കുന്നത്. ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് തുലാമാസം ഒന്നിന് രാവിലെ സന്നിധാനത്ത് നടക്കും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനം. അന്ന് ദര്‍ശനത്തിന് നിയന്ത്രണമുണ്ടാകും.
---------------
Hindusthan Samachar / Sreejith S