Enter your Email Address to subscribe to our newsletters
kochi, 15 ഒക്റ്റോബര്‍ (H.S.)
കൊച്ചി: പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തെ തുടര്‍ന്നുണ്ടായ രണ്ടുദിവസത്തെ അവധിക്ക് ശേഷം സെന്‍റ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു. ഹിജാബ് ധരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയ എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനി ഇന്ന് സ്കൂളിൽ എത്തില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണം അവധിയെടുത്തതാണെന്ന് രക്ഷിതാവ്. സ്കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടർന്നും കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞതായി ഹൈബി ഈഡൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഹൈബി ഈഡൻ എം പിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും മധ്യസ്ഥതയിൽ രക്ഷിതാവും സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചക്ക് ശേഷമായിരുന്നു പ്രതികരണം.
സ്കൂൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാറാണെന്നും വർഗീയവാദികൾക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ലെന്നും അനസ് വ്യക്തമാക്കി. അതേസമയം ബിജെപി ആർ എസ് എസ് ശക്തികൾ ബോധപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്നും വർഗീയമായ ഭിന്നിപ്പ് ഉണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും ഹൈബി ഈഡൻ എം പി പറഞ്ഞു.
അതേസമയം ഹിജാബ് ധരിക്കാത്തതിന് സ്കൂൾ വിദ്യാർത്ഥിയെ പുറത്താക്കിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി ശിവൻ കുട്ടി രംഗത്ത് വന്നിരുന്നു. ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവം മൗലികാവകാശ ലംഘനം ആണെന്നും സർക്കാർ അടിയന്തരമായി ഇടപെട്ടതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം, വിദ്യാർത്ഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ക്ലാസിൽ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
---------------
Hindusthan Samachar / Roshith K