Enter your Email Address to subscribe to our newsletters
Thiruvanathapuram, 15 ഒക്റ്റോബര്‍ (H.S.)
പളളിരുത്തി സെന്റ്. റീത്താസ് സ്‌കൂളിലെ ഹിജാബ് വിഷയത്തില്‍ സ്‌കൂള്‍ തലത്തില്‍ എന്തെങ്കിലും സമവായം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നല്ലതാണ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ശിരോവസ്ത്രം ധരിച്ചൂ എന്ന പേരില്‍ ക്ലാസ്സില്‍ കുട്ടിയെ ഇരുത്തിയില്ലാ എന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷിക്കുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. കുട്ടിയെ ശിരോവസ്ത്രം ധരിച്ചു എന്നതിന്റെ പേരില്‍ പുറത്തു നിര്‍ത്താനുള്ള തീരുമാനം
ചട്ടവിരുദ്ധമാണെന്ന റിപ്പോര്‍ട്ട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നല്‍കുകയുണ്ടായി. ഈ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ മാനേജ്മെന്റിന്റെ ഭാഗം കേള്‍ക്കാനായി
വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളുടെ പേരില്‍ വര്‍ഗ്ഗീയ വേര്‍തിരിവ് ഉണ്ടാക്കാന്‍ ചില വിഭാഗങ്ങള്‍ ശ്രമിക്കുന്നുണ്ട്. സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളും കോടതി വിധികളും മുന്‍നിര്‍ത്തിയാണ് മുന്നോട്ടു പോകേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
ശിരോവസ്ത്രം ധരിച്ചെത്തിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസിന് പുറത്തുനിര്‍ത്തിയ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് ഗുരുതര വീഴ്ച്ച ഉണ്ടായെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ നിലപാട് എടുത്തിരുന്നു. വിദ്യാര്‍ഥിനിയെ പുറത്താക്കിയ നടപടി ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്‌കൂളിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. വിദ്യാര്‍ഥിനിക്ക് മതപരമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ തുടര്‍പഠനം നടത്താന്‍ അനുമതി നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തില്‍ ഒരു വിദ്യാര്‍ഥിക്കും ഇനി ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. കുട്ടിയോ രക്ഷിതാവോ വേണ്ടെന്ന് പറയുന്നത് വരെ കുട്ടിക്ക് ശിരോവസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ അന്തിമ തീരുമാനം ഇന്ന് തന്നെ അറിയിക്കണമെന്നും, വിദ്യാര്‍ഥിക്കും രക്ഷിതാക്കള്‍ക്കും ഉണ്ടായ വിഷമങ്ങള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രി സ്‌കൂള്‍ പ്രിന്‍സിപ്പലിനും മാനേജ്മെന്റിനും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
സ്‌കൂള്‍ മാനേജ്മെന്റും സീറോ മലബാര്‍ സഭയും വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലിനെതിരെ രംഗത്തെത്തി. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മന്ത്രി ഇടപെട്ടത് അനുചിതമാണെന്നാണ് ഇവരുടെ വാദം. രമ്യതയില്‍ പരിഹരിച്ച വിഷയം വിദ്യാഭ്യാസ മന്ത്രി ഊതിക്കത്തിച്ചു എന്നും സ്‌കൂളിനായി ഹാജരാകുന്ന അഭിഭാഷക അഡ്വ. വിമല ബിനു പ്രതികരിച്ചു. വിവാദം രാഷ്ട്രീയപരമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് പിടിഎ പ്രസിഡന്റും നേരത്തെ രംഗത്തെത്തിയിരുന്നു.
സഭ എതിര്‍പ്പ് ശക്തമാക്കിയതോടെയാണ് വിദ്യാഭ്യാസമന്ത്രിയും നിലപാട് മയപ്പെടുത്തിയത്.
---------------
Hindusthan Samachar / Sreejith S