Enter your Email Address to subscribe to our newsletters
Pathanamthitta, 16 ഒക്റ്റോബര്‍ (H.S.)
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയില്‍ ദർശനത്തിനെത്തുമ്ബോള്‍, സുരക്ഷാ പ്രോട്ടോക്കോളുകളും വിവാദങ്ങളും ഒരുപോലെ ചർച്ചയാവുകയാണ്.
സാധാരണഗതിയില്‍ കനത്ത അകമ്ബടി വാഹനവ്യൂഹത്തോടെ യാത്ര ചെയ്യേണ്ട രാഷ്ട്രപതി, ഒക്ടോബർ 22-ന് പമ്ബയില്‍ നിന്ന് സന്നിധാനത്തേക്ക് പോകുന്നത് പ്രത്യേകം തയ്യാറാക്കിയ ‘ഗൂർഖ’ ജീപ്പില്‍, ഏറ്റവും കുറഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥരുമായിട്ടാണ്. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കേരള സന്ദർശനത്തിന്റെയും ശബരിമല ദർശനത്തിന്റെയും വിശദമായ ഷെഡ്യൂള്‍ പ്രോട്ടോക്കോള്‍ വിഭാഗം അന്തിമം ആയിരിക്കുകയാണ് .ഈ മാസം 21-ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി, 22-ന് ശബരിമലയില്‍ ദർശനം നടത്തും.
അതേസമയം, ക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ സ്വർണ്ണപ്പാളി കാണാതായ വിവാദം ഈ സുപ്രധാന സന്ദർശനത്തിൻ്റെ പശ്ചാത്തലത്തില്‍ വീണ്ടും ആളിക്കത്തുകയാണ്. ഹൈക്കോടതി നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥൻ വീണ്ടും സന്നിധാനം പരിശോധിക്കാൻ എത്തുന്നു. കൂടാതെ, രാഷ്ട്രപതിയെ നേരില്‍ കണ്ട് കേന്ദ്ര അന്വേഷണം ആവശ്യപ്പെടാൻ കർമസമിതിയും തീരുമാനിച്ചിരിക്കുന്നു. ഈ ഔദ്യോഗിക സന്ദർശനം കേരള രാഷ്ട്രീയത്തെയും ദേവസ്വം ഭരണത്തെയും എങ്ങനെ ബാധിക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
ഒക്ടോബർ 21-ന് വൈകിട്ട് തലസ്ഥാനത്തെത്തുന്ന രാഷ്ട്രപതി രാജ്ഭവനിലാണ് വിശ്രമിക്കുക. 22-ന് രാവിലെ 9.35-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് തിരിക്കും. 10.20-ന് നിലയ്ക്കലിലെത്തിയ ശേഷം റോഡ് മാർഗം പമ്ബയിലേക്ക് പോകുക. സന്നിധാനത്തേക്കുള്ള യാത്രയിലാണ് സുരക്ഷാ പ്രോട്ടോക്കോളില്‍ പ്രധാന മാറ്റം വരുത്തിയിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള വാഹനവ്യൂഹം പൂർണ്ണമായും ഒഴിവാക്കി, ദേവസ്വം ബോർഡിന്റെ പ്രത്യേക ‘ഗൂർഖ’ ജീപ്പിലാണ് രാഷ്ട്രപതി പമ്ബയില്‍ നിന്ന് മലകയറുക.
ജീപ്പില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമായിരിക്കും അകമ്ബടി സേവിക്കുക. 12 മണിയോടെ സന്നിധാനത്ത് എത്തി ദർശനം നടത്തുന്ന രാഷ്ട്രപതി, ദേവസ്വം ഗസ്റ്റ് ഹൗസില്‍ ഉച്ചഭക്ഷണത്തിനു ശേഷം 3 മണിയോടെ ഇതേ ജീപ്പില്‍ പമ്ബയിലേക്ക് മടങ്ങും. തുടർന്ന് റോഡ് മാർഗം നിലയ്ക്കലെത്തി ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് മടങ്ങും. സംസ്ഥാനത്തെ മറ്റ് പരിപാടികളില്‍ പങ്കെടുത്ത ശേഷം 24-നാണ് രാഷ്ട്രപതി കേരളത്തില്‍ നിന്ന് മടങ്ങുന്നത്. സ്വർണ്ണക്കൊള്ളയെക്കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നേരിട്ട് ധരിപ്പിക്കുമെന്ന് ശബരിമല കർമസമിതി ജനറല്‍ കണ്‍വീനർ എസ്.ജെ.ആർ. കുമാർ അറിയിച്ചു.
സന്നിധാനത്ത് വെച്ച് രാഷ്ട്രപതിയെ നേരില്‍ കാണാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും, ഈ വിഷയത്തില്‍ അടിയന്തര കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവരാവകാശ ചോദ്യങ്ങള്‍ പോലും സംസ്ഥാന സർക്കാർ അവഗണിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും ഉള്‍പ്പെടെ വിഷയം ധരിപ്പിച്ചതെന്നും കേന്ദ്ര അന്വേഷണം വേണമെന്നാണ് പ്രധാന ആവശ്യമെന്നും കുമാർ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR