Enter your Email Address to subscribe to our newsletters
Idukki, 16 ഒക്റ്റോബര്‍ (H.S.)
സർക്കാർ നഴ്സിങ് കോളേജിലെ അനിശ്ചിതകാല സമരം പിൻവലിച്ചു. ഡിഎംഇ വിദ്യാർഥികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഈ മാസം 21നു മുമ്പ് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഡിഎംഇ ഉറപ്പുനൽകി. വാക്കു പാലിച്ചില്ലെങ്കിൽ 21 മുതൽ വീണ്ടും സമരം തുടരുമെന്ന് വിദ്യാർഥികൾ അറിയിച്ചു.
ഹോസ്റ്റൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ സമരം ആരംഭിച്ചത്. വിദ്യാർഥികൾക്ക് പിന്തുണയുമായി വിവിധ നേഴ്സിങ് സംഘടനകളും രക്ഷിതാക്കളും ഒപ്പം കൂടിയിരുന്നു.
2023ൽ ആരംഭിച്ച ഇടുക്കി നഴ്സിങ് കോളേജിൽ 120 വിദ്യാർഥികളാണ് നിലവിലുള്ളത്. മെഡിക്കൽ കോളേജ് താൽക്കാലിക കെട്ടിടത്തിൽ ഒരുക്കിയ ക്ലാസ് മുറികളിൽ, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെയാണ് വിദ്യാർഥികൾ നഴ്സിങ് പഠനം നടത്തുന്നതെന്നാണ് വിദ്യാർഥികൾ പ്രധാനമായും പരാതിയിൽ പറയുന്നത്.
മെഡിക്കൽ കോളേജിന് സമീപത്ത് തന്നെയുള്ള സ്വകാര്യ സ്കൂൾ കെട്ടിടത്തിലാണ് പെൺകുട്ടികൾക്കുള്ള ഹോസ്റ്റൽ സൗകര്യം ഏർപ്പാടാക്കിയിട്ടുള്ളത്. ഒരു മുറിയിൽ 16 പെൺകുട്ടികളാണ് താമസിക്കുന്നത്. ആൺകുട്ടികൾക്ക് പേരിനു പോലും ഹോസ്റ്റൽ സൗകര്യമില്ല. സർക്കാരും മന്ത്രി റോഷി ആഗസ്റ്റിനും പലതവണ ഉറപ്പ് നൽകിയിട്ടും നടപടി യാതൊന്നും ഉണ്ടായിട്ടില്ലെന്ന് വിദ്യാർഥികൾ പറഞ്ഞിരുന്നു.
പുതിയ നഴ്സിങ് ബാച്ചിലേക്ക് 60 വിദ്യാർഥികൾ കൂടി എത്തുന്നതോടെ പ്രതിസന്ധി അതി രൂക്ഷമാകുമെന്ന് വിദ്യാർഥികൾ പറയുന്നു. പ്രശ്നപരിഹാരം ഉണ്ടാകുന്നതുവരെ ഇടുക്കി മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിന് മുന്നിൽ സമരം തുടരാനായിരുന്നു വിദ്യാർഥികളുടെ തീരുമാനം. ഇതിനുപിന്നാലെ ഡിഎംഇയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് അനിശ്ചിതകാല സമരം പിൻവലിക്കാൻ വിദ്യാർഥികൾ തീരുമാനിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR