Enter your Email Address to subscribe to our newsletters
Kochi, 16 ഒക്റ്റോബര്‍ (H.S.)
പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ബസ് ഡ്രൈവറെ സ്ഥലംമാറ്റിയ നടപടിയിൽ കെഎസ്ആർടിസിയോട് ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി.അച്ചടക്ക വിഷയം വന്നാല്‍ എപ്പോഴും സ്ഥലംമാറ്റം ആണോ പരിഹാരമെന്ന് ഹൈക്കോടതി ചോദിച്ചു.
പ്ലാസ്റ്റിക് കുപ്പി ബസില്‍ സൂക്ഷിച്ചതിന് ദൂരേക്കുള്ള സ്ഥലംമാറ്റം എങ്ങനെ ആനുപാതികമാകുമെന്നും ചോദ്യമുന്നയിച്ചു. ബസിൻ്റെ മുന്‍വശത്തുനിന്ന് ലഭിച്ചത് മദ്യക്കുപ്പിയല്ലല്ലോയെന്ന് ഹൈക്കോടതി പറഞ്ഞു. വെള്ളം കുപ്പിയില്‍ സൂക്ഷിക്കുന്നത് ജോലി സംസ്‌കാരത്തിൻ്റെ ഭാഗമെന്നും ഹൈക്കോടതി അറിയിച്ചു.
അതേസമയം, സ്ഥലംമാറ്റത്തില്‍ ഈഗോയെന്തിനെന്ന് ഡ്രൈവര്‍ ജെയ്‌മോനോടും ഹൈക്കോടതി ചോദിച്ചു. സ്ഥലം മാറ്റത്തില്‍ കെഎസ്ആര്‍ടിസിക്ക് പരാതി നല്‍കാമെന്നും ഹൈക്കോടതി അറിയിച്ചു. എന്നാൽ പരാതി നല്‍കിയാല്‍ ജെയ്‌മോൻ്റെ ഭാഗം കേള്‍ക്കുമെന്ന് കെഎസ്ആര്‍ടിസി ഉറപ്പ് നൽകി.
കൊല്ലം ആയൂരില്‍ വച്ച് നടത്തിയ മിന്നൽ പരിശോധനയിൽ ബസിൽ പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ടതിന് ഗതാഗതമന്ത്രി ഡ്രൈവറെ ശാസിച്ചിരുന്നു. പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിനെ മന്ത്രി കെഎസ്ആർടിസി ജീവനക്കാരെ ശകാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വെള്ളം കുടിച്ച് കുപ്പി വലിച്ചെറിയാനുള്ള സ്ഥലമല്ല ബസിൻ്റെ മുൻവശമെന്നും സംഭവത്തിൽ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. പിന്നാലെയാണ് ഡ്രൈവര്‍ ജെയ്‌മോന്‍ ജോസഫിനെ തൃശൂര്‍ പുതുക്കാടേക്കാണ് സ്ഥലം മാറ്റിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR